പാലക്കാട്- ജില്ലയിൽ ഇന്നലെ ഒരാൾക്ക് കോവിഡ്19 ബാധ സ്ഥിരീകരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കാണ് (35) ഇന്നലെ അസുഖം സ്ഥിരീകരിച്ചത്. മെയ് 10 ന് തലപ്പാടി ചെക്‌പോസ്റ്റ് വഴി കേരളത്തിലെത്തിയ എട്ടംഗ സംഘത്തിലുൾപ്പെടുന്ന ആളാണ് യുവാവ്. അന്നു മുതൽ കൊപ്പത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. റെഡ് സോണിൽ നിന്ന് എത്തുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചയാണ് ഈ വ്യക്തിയുടെ സ്രവം എടുത്തത്. ഇതോടെ കോവിഡ് ബാധിച്ച് ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം പതിമൂന്നായി. ഇതിൽ വാളയാർ വഴി എത്തിയ ഓരോ മലപ്പുറം, തൃശൂർ സ്വദേശികളും ഉൾപ്പെടുന്നു.
മുംബൈയിൽ കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽ ഏജൻസിയിലെ ജീവനക്കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച യുവാവ്. ഈ മാസം ഒമ്പതിനാണ് ഈ വ്യക്തി അടങ്ങിയ സംഘം ട്രാവലറിൽ അവിടെ നിന്ന് യാത്ര തിരിച്ചത്. നാല് കണ്ണൂർ സ്വദേശികൾ, രണ്ട് വയനാട് സ്വദേശികൾ, ഒരു പെരിന്തൽമണ്ണ സ്വദേശി എന്നിവരായിരുന്നു സഹയാത്രികർ. പിറ്റേന്ന് രാവിലെ സംഘം തലപ്പാടി ചെക്‌പോസ്റ്റിലെത്തി. അവിടെ നിന്ന് പെരിന്തൽമണ്ണ സ്വദേശിക്കൊപ്പം മറ്റൊരു കാറിലായിരുന്നു യാത്ര. ഇവർക്കു പുറമെ ഡ്രൈവറും ആ വാഹനത്തിൽ ഉണ്ടായിരുന്നു.
കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ അഞ്ച് പുതിയ കണ്ടെയ്ന്റ്‌മെന്റ് സോണുകൾ കൂടി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കടമ്പഴിപ്പുറം പഞ്ചായത്തിലെ 2, 11, 18 വാർഡുകൾ, മുതലമട പഞ്ചായത്തിലെ 15, 16, 19, 20 വാർഡുകൾ, മുതുതല പഞ്ചായത്തിലെ പത്താം വാർഡ്, കാരാക്കുറുശ്ശി പഞ്ചായത്തിലെ ആറാം വാർഡ്, കോട്ടായി പഞ്ചായത്തിലെ നാലാം വാർഡ് എന്നിവയാണ് ജില്ലയിൽ കണ്ടെയ്ന്റ്‌മെന്റ് സോൺ വിഭാഗത്തിൽ പെടുന്നത്. ഒന്നോ അതിലധികമോ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഈ സ്ഥലങ്ങളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ദുബായ്, മസ്‌കത്, അബുദാബി, ബഹറൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലും മാലിദ്വീപിൽ നിന്നുള്ള നാവിക സേനാ കപ്പലിലുമായി ഞായറാഴ്ച നാട്ടിലെത്തിയ 51 പേരെ ജില്ലയിൽ സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മറ്റ് 19 പേരെ വീട്ടിലേക്ക് അയച്ചു. കപ്പൂർ സലാഹുദ്ദീൻ അയൂബി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഹോസ്റ്റൽ, ചാലിശ്ശേരി ഡെന്റൽ കോളേജ് ഹോസ്റ്റൽ, ഷൊർണൂർ കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റൽ, പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് സർക്കാർ തല ക്വാറന്റൈനിലുള്ളവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈനിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ നാലു പേർ എറണാകുളത്ത് നിരീക്ഷണത്തിലാണ്.
ജില്ലയിൽ വിദേശത്ത് നിന്നെത്തിയ 315 പേർ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതിൽ 155 പേർ സർക്കാറിന്റെ സെന്ററിലാണ്. ചെർപ്പുളശ്ശേരി ശങ്കർ ഹോസ്പിറ്റൽ- 29, കുളപ്പുള്ളി അൽ അമീൻ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റൽ- 30, കപ്പൂർ അയൂബി സ്‌കൂൾ ഹോസ്റ്റൽ-22, ചിറ്റൂർ കരുണ മെഡിക്കൽ കോളേജ്- 24, എലപ്പുള്ളി അഹല്യ ഹെറിറ്റേജ്- 19, പാലക്കാട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ- 16, പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടൽ- 10, ചാലിശ്ശേരി ഡെന്റൽ കോളേജ് ഹോസ്റ്റൽ- 5 എന്നിങ്ങനെയാണ് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലുള്ളവരുടെ കണക്ക്. ബാക്കിയുള്ള 160 പേർ സ്വന്തം വീടുകളിലാണ്.