Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടയത്തെ കോവിഡിന്റെ രണ്ടാം വരവ്: രോഗം സ്ഥിരീകരിച്ചത് യുവ മലയാളികളിൽ

കോട്ടയം - ജില്ലയിലെ കോവിഡിന്റെ രണ്ടാം വരവിൽ രോഗം സ്ഥിരീകരിച്ചത് യുവ മലയാളികളിൽ. ഇന്നലെ  ജില്ലയിൽ  രണ്ടു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇപ്പോൾ ചികിത്സയിലുളളവരുടെ എണ്ണം നാലായി. ഗൾഫിൽ നിന്നും എത്തിയ ഒരാൾക്കും മഹാരാഷ്ട്രയിൽ നിന്നു വന്നയാൾക്കുമാണ് കോവിഡ് പോസിറ്റീവായത്. ഇരുവരും യുവാക്കളാണ്. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നും വന്ന മലയാളി നഴ്‌സിനും കുഞ്ഞിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ഇടവേളക്കു ശേഷം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ആദ്യ കോവിഡ് കേസായിരുന്നു  കുവൈത്തിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകയുടേത്. അബുദാബിയിൽനിന്നു വന്ന അതിരമ്പുഴ സ്വദേശിയുടെയും (29) മഹാരാഷ്ട്രയിൽനിന്നും വന്ന മുണ്ടക്കയം മടുക്ക സ്വദേശിയുടെയും (23) സാമ്പിൾ പരിശോധനാ ഫലമാണ് ഇന്നല പോസിറ്റീവായത്. മെയ് ഏഴിന് അബുദാബി - കൊച്ചി വിമാനത്തിൽ നാട്ടിലെത്തിയ അതിരമ്പുഴ സ്വദേശി കോട്ടയം കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. ഇതേ വിമാനത്തിൽ സഞ്ചരിച്ചിരുന്ന എറണാകുളം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ യുവാവ് ഉൾപ്പെടെ കോട്ടയം ജില്ലയിൽ എത്തിയ സഹയാത്രികരായ എട്ടു പേരുടെയും സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിരുന്നു. ഇതിൽ മറ്റു ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. രോഗം സ്ഥീരീകരിച്ചതിനെത്തുടർന്ന് യുവാവിനെ  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. 


മഹാരാഷ്ട്രയിൽനിന്ന് മെയ് 13 ന് ബസിൽ കോഴിക്കോട്ട് എത്തിയ മടുക്ക സ്വദേശിയെ പിതാവും പിതൃസഹോദരനും അവിടെയെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഇയാൾക്ക്  രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇപ്പോൾ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വിഭാഗത്തിലാണ്. പിതാവ്, പിതൃസഹോദരൻ, വീട്ടിലെത്തിയ ശേഷം യുവാവുമായി സമ്പർക്കം പുലർത്തിയ അമ്മ, സഹോദരൻ എന്നിവർ ഹോം ക്വാറന്റൈിനിലാണ്. യുവാവിനൊപ്പം മഹാരാഷ്ട്രയിൽനിന്ന് ബസിൽ സഞ്ചരിച്ച പാലക്കാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ കോവിഡ്19 ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം നാലായി. നേരത്തേ കുവൈത്തിൽ നിന്നും എത്തി രോഗം സ്ഥിരീകരിച്ച ഉഴവൂർ സ്വദേശിനിയായ നഴ്‌സും  രണ്ടു വയസ്സുള്ള മകനും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. മെയ് ഒൻപതിന് കുവൈത്തിൽ നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വിമാനത്തിൽ വന്ന് കോതനല്ലൂരിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ താമസിച്ചിരുന്ന ഒൻപതു പേരുടെ സാമ്പിളുകൾ പരിശോധിച്ചിരുന്നു. എല്ലാവരുടെയും ഫലം നെഗറ്റീവാണ്.
 

Latest News