തിരുവനന്തപുരം- സംസ്ഥാനത്ത് കൊറോണ വൈറസിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) സംഘം കേരളത്തില്‍ എത്തി. ആദ്യഘട്ടത്തില്‍ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍നിന്നായി 1200 പേരുടെ സാമ്പിളെടുക്കും. പാലക്കാട് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നിന്ന് 400 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിനായി 20 അംഗ മെഡിക്കല്‍ സംഘമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യവ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നത്. നിലവില്‍ രോഗ ലക്ഷണങ്ങലില്ലാത്തവരേയും രോഗികളുമായി സമ്പര്‍ക്കമില്ലാത്തവരെയുമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇന്ത്യയില്‍ 69 ജില്ലകളിലാണ് ഐസിഎംആര്‍ സംഘം പരിശോധനകള്‍ നടത്തുന്നത്. കേരളത്തില്‍ മൂന്ന് ജില്ലകളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.






