ശ്രീനഗര്‍- കശ്മീരില്‍ കോവിഡ് രോഗികളെ ചികിത്സിച്ച് അഞ്ച് ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരണം. രോഗികളെ നേരിട്ട് പരിചരിച്ച നാല് ഡോക്ടര്‍മാര്‍ക്കും ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റൊരു ഡോക്ടര്‍ക്കുമാണ് കോവിഡ് ബാധിച്ചത്.
കശ്മീരിലെ എസ്എംഎച്ച്എസ് ആശുപത്രിയിലെ ഇഎന്‍ടി വിഭാഗത്തില്‍ സേവനം ചെയ്യുന്നവരാണ് മൂന്നുപേര്‍. ഒരാള്‍ ഓര്‍ത്തോപീഡിയാക് വിഭാഗത്തിലും മറ്റൊരാള്‍ ദന്തരോഗവിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു. ഇതില്‍ ദന്തരോഗവിദഗ്ധനാണ് രോഗികളെ പരിചരിച്ച ഡോക്ടര്‍മാര്‍ വഴി രോഗം പകര്‍ന്നത്. എസ്എംഎച്ച്എസ് ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.
കശ്മീരില്‍ ഇതുവരെ 21 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 13 ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരും ഉള്‍പ്പെടും. ഇന്ത്യയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏറ്റവും കൂടുതല്‍ രോഗം പകര്‍ന്നുകിട്ടിയത് കശ്മീരിലാണ്. ഡോക്ടര്‍മാരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സുരക്ഷാ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സംസ്ഥാനത്ത് കുറവാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.






