പ്രവാസികളുടെ ക്വാറന്റൈന്‍ കഥപറഞ്ഞ് ഹ്രസ്വചിത്രം; വൈറലായി 'അരികിൽ'

കൊച്ചി- ഗള്‍ഫില്‍നിന്നും നാട്ടിലെത്തിയ പ്രവാസിയുടെ ക്വാറന്റൈൻ കാലത്തെ കഥപറയുന്ന ഹൃസ്വചിത്രം വൈറല്‍. അകലെ നിന്നും അരികിലെത്തിയിട്ടും വീണ്ടും അകലം സൂക്ഷിക്കേണ്ടിവരുന്ന ക്വാറന്റൈന്‍ കാല ജീവിതം ചിത്രത്തില്‍ ഹൃദ്യമായി അവതരിപ്പിക്കുന്നത് പ്രമുഖ നടന്‍ സണ്ണി വെയ്നാണ്.  നടൻ മോഹൻലാൽ ഫേസ്ബുക് പേജ് വഴിയാണ് ഈ ഹ്രസ്വചിത്രം പുറത്തിറക്കിയത്.

കോവിഡ് കാലത്ത് ഒമാനില്‍നിന്ന് നാട്ടില്‍ തിരിച്ചെത്തിയ അഷ്റഫിന് ഉമ്മറ വാതില്‍ക്കല്‍ കാത്തിരിക്കുന്ന ഉമ്മയേയും ഭാര്യയേയും മകളേയും ദൂരെ നിന്ന് കാണാനല്ലാതെ അടുത്തുവരാന്‍ കഴിയാത്തതിലുള്ള സങ്കടം നിഴലിക്കുന്ന ആദ്യ സീന്‍ മുതല്‍ ഈ മഹാമാരി കാലത്ത് തിരിച്ചെത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് നിര്‍ദ്ദേശങ്ങള്‍ ചിത്രം വ്യക്തമാക്കുന്നു. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ചിത്രത്തില്‍ കാണിക്കുന്നുവെങ്കിലും അത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്ന് തൊട്ടടുത്ത നിമിഷം ബോധ്യമാവുന്നു. ഒറ്റപ്പെട്ട് കഴിയുന്നതിന്റെ ആകുലതകള്‍ ഫോണില്‍ ഭാര്യയോട് വിവരിക്കുന്ന അഷ്ടഫിനോട് 'എല്ലാം നല്ലതിനല്ലേ ഇക്കാ' എന്നാണ് ഭാര്യ മറുപടി പറയുന്നത്. വീട്ടില്‍ ഉമ്മയും, കൊച്ചുകുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് കോവിഡിനെ കുറിച്ചുള്ള തികഞ്ഞ ബോധ്യം ശ്രദ്ധയോടെ ക്വാറന്റീനില്‍ കഴിയാന്‍ അഷ്ടഫിനെ സഹായിക്കുന്നു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഐഎംഎ. കൊച്ചി, ഡിഎംഒ. എറണാകുളം, എൻഎച്ച്എം എറണാകുളം എന്നിവ ചേർന്ന് പ്രവാസി മലയാളികൾക്കായി ഒരുക്കിയ ഹ്രസ്വചിത്രത്തിന്റെ പേര് 'അരികിൽ' എന്നാണ്. അമൃത് സംവിധാനം ചെയ്ത ചിത്രത്തിന്റെ കോ-ഡയറക്ടർ ആരോൺ വിനോദ് മാത്യു ആണ്. 
 

Latest News