സൗദിയില്‍ കോവിഡ് ബാധിച്ച പകുതിയിലേറെ പേര്‍ക്കും ഭേദമായി

റിയാദ് - സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചുവെങ്കിലും പകുതിയിലേറെ പേര്‍ക്കും അസുഖം ഭേദമായി. രാജ്യത്ത് ഇതിനകം 54,752 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 25,722 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ 2,056 പേരാണ് രോഗമുക്തി നേടിയത്.


2,736 പേര്‍ക്കാണ് പുതുതായി കൊറോണബാധ സ്ഥിരീകരിച്ചതെന്ന്  ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 40 ശതമാനം പേര്‍ സൗദികളും 60 ശതമാനം പേര്‍ വിദേശികളുമാണ്. ഇക്കൂട്ടത്തില്‍ 22 ശതമാനം പേര്‍ വനിതകളും 78 ശതമാനം പേര്‍ പുരുഷന്മാരുമാണ്. രോഗികളില്‍ ഒമ്പതു ശതമാനം പേര്‍ കുട്ടികളും നാലു ശതമാനം പേര്‍ 65 ല്‍ കൂടുതല്‍ പ്രായമുള്ളവരും 87 ശതമാനം പേര്‍ മുതിര്‍ന്നവരുമാണ്.


ഗുരുതരാവസ്ഥയില്‍ നേരത്തെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നവരില്‍ ഭൂരിഭാഗത്തിന്റെയും അസുഖം ഭേദമായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു.
പുതുതായി 16,045 പേര്‍ക്കു കൂടി ലാബ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇതുവരെ 5,86,405 പേര്‍ക്കാണ് കൊറോണബാധ സംശയിച്ച് ലാബ് ടെസ്റ്റുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.


സൗദിയില്‍ ഇതുവരെ ആകെ രോഗികളില്‍ 312 പേര്‍ പേരാണ് മരിച്ചത്. 202 പേരാണ് ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

 

Latest News