ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിച്ചു; ഞെട്ടിക്കുന്ന കണക്ക്

റിയാദ് - സൗദിയിലും ഖത്തറിലും യു.എ.ഇയിലും കുവൈത്തിലും കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,37,680 ആയി ഉയര്‍ന്നു.
ഗള്‍ഫില്‍ ഇതുവരെ 693 കൊറോണ രോഗികളാണ് മരിച്ചത്.

സൗദിയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകളും കൊറോണ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദിയില്‍ ഇതുവരെ 54,752 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. സൗദിയില്‍ 312 കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു.
കൊറോണ രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ഖത്തറില്‍ ഇതുവരെ 32,604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുപത്തിനാലു മണിക്കൂറിനിടെ മാത്രം ഖത്തറില്‍ 1,632 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഖത്തറില്‍ പുതിയ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 15 കൊറോണ രോഗികളാണ് മരിച്ചത്. പുതുതായി 582 പേര്‍ കൂടി കൊറോണ വൈറസ് മുക്തരായതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4,370 ആയി ഉയര്‍ന്നതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗള്‍ഫില്‍ കൊറോണ ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് യു.എ.ഇ ആണ്. യു.എ.ഇയില്‍ ഇതുവരെ ആകെ 23,358 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇയില്‍ 731 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ആറു കൊറോണ രോഗികള്‍ കൂടി മരണപ്പെട്ടിട്ടുമുണ്ട്. യു.എ.ഇയില്‍ ഇതുവരെ ആകെ 220 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇയില്‍ ഇതുവരെ ആകെ 8,512 പേര്‍ കൊറോണ വൈറസ് മുക്തരായി. യു.എ.ഇയില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 581 കൊറോണ രോഗികളുടെ അസുഖമാണ് ഭേദമായത്.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 1,048 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും അഞ്ചു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. കുവൈത്തില്‍ ഇതുവരെ 14,850 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് 112 കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചവരില്‍ 238 പേര്‍ ഇന്ത്യക്കാരാണ്. 242 കുവൈത്തികള്‍ക്കും 242 ഈജിപ്തുകാര്‍ക്കും 53 ബംഗ്ലാദേശുകാര്‍ക്കും പുതുതായി രോഗബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍സനദ് പറഞ്ഞു. കുവൈത്തില്‍ 4,093 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 183 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 6,930 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കൂട്ടത്തില്‍ 12 പേര്‍ മരണപ്പെട്ടു. 2,774 പേരുടെ അസുഖം ഭേദമായി. ഇരുപത്തിനാലു മണിക്കൂറിനിടെ ബഹ്‌റൈനില്‍ കൊറോണ രോഗികള്‍ ആരും മരണപ്പെട്ടിട്ടില്ല.
ഒമാനില്‍ പുതുതായി 157 പേര്‍ക്കു കൂടി കൊറോണബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 5,186 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി രോഗം ബാധിച്ചവരില്‍ 81 പേര്‍ സ്വദേശികളും 76 പേര്‍ വിദേശികളുമാണ്. ഒമാനില്‍ ആകെ 22 കൊറോണ രോഗികളാണ് ഇതുവരെ മരണപ്പെട്ടത്. ഇരുപത്തിനാലു മണിക്കൂറിനിടെ ഒരു കൊറോണ മരണമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 1,465 പേരുടെ അസുഖം ഭേദമാവുകയും ചെയ്തു.

 

Latest News