കുവൈത്ത് സിറ്റി- കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യ വ്യാപകമായി പരിശോധനക്ക് കുവൈത്ത് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഇതനുസരിച്ചു ആറ് ഗവര്‍ണറേറ്റുകള്‍ കേന്ദ്രീകരിച്ചു കോവിഡ് റാപിഡ് പരിശോധന ആരംഭിച്ചു.
ജനവാസ കേന്ദ്രങ്ങളില്‍ പ്രതിദിനം 180 പേരെ തിരഞ്ഞെടുത്ത് പരിശോധിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കി. 18 നും 70 വയസ്സിനുമിടയിലുള്ള സ്ത്രീകളും പുരുഷന്മാരും ഇതില്‍ ഉള്‍പ്പെടും. തിരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സന്ദേശമനുസരിച്ചൂ കര്‍ഫ്യൂ നിലവിലുള്ളതിനാല്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തിന്റെ അനുമതിയോടെ സെന്ററില്‍ എത്താവുന്നതാണ്.
അതോടൊപ്പം പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ആരോഗ്യ മന്ത്രാലയത്തിന്റ ഫീല്‍ഡ് റാപിഡ് പരിശോധനയും ആരംഭിച്ചു. ജനങ്ങള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളില്‍ പരിശോധന തുടരുമെന്നും രോഗം കണ്ടെത്തുന്നവരെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിരീക്ഷണ വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.






