Sorry, you need to enable JavaScript to visit this website.

കോവിഡ് 19: ബൈക്ക് പട്രോളിംഗില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കും പങ്കുചേരാം

ദുബായ്- കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളെ കുറിച്ച് ബോധവത്കരിക്കാന്‍ ആവിഷ്‌കരിച്ച ബൈക്ക് പട്രോളിംഗ് സംരംഭത്തില്‍ സന്നദ്ധ സേവനം നടത്താന്‍ ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സൈക്കിള്‍ ഓടിച്ച് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ അനുവദിക്കുന്നതാണ് പുതിയ സംരഭമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി.ഐ.ഡി) ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അഹ്ലി പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മര്‍റിയുടെ നിര്‍ദേശപ്രകാരം ആരംഭിച്ച താണ് റൈഡ് വിത്ത് ദുബായ് ബൈക്കേഴ്സ് യൂണിറ്റ്' എന്നാണ് നാമധേയത്തിലുള്ള സംരംഭം.'
കോവിഡ്-19 നെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി നേരത്തെ ആരംഭിച്ച 'ഞങ്ങള്‍ എല്ലാവരും ഉത്തരവാദിത്തമുള്ളവര്‍' എന്ന കാമ്പയിനിന്റെ ഭാഗമാണിതെന്നും കേണല്‍ അഹ്ലി പറഞ്ഞു.
സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും പൊതുവായി ധരിക്കാത്തവര്‍ക്ക് മാസ്‌കുകള്‍ പോലുള്ള സുരക്ഷ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനും സന്നദ്ധ പ്രവര്‍ത്തകര്‍ സൈക്കിളുകളില്‍ ദുബായിലെ തെരുവുകളില്‍ പട്രോളിംഗ് നടത്തും.
ജുമൈറ ബീച്ച് റസിഡന്‍സ്, അറേബ്യന്‍ റൈന്‍ഞ്ചസ്, നടപ്പാതകള്‍, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്,  ദുബായ് അല്‍ഖവാനീജ് തുടങ്ങിയ മേഖലകളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ റോന്തുചുറ്റുമെന്നും അഹ്ലി പറഞ്ഞു. പട്രോളിംഗില്‍ പങ്കെടുക്കുന്നയാളിന് സൈക്കിള്‍ ഓടിക്കാന്‍ ശാരീരികമായി യോഗ്യനായിരിക്കണമെന്ന് ദുബായ് പോലീസ് വളണ്ടറി പ്ലാറ്റ്ഫാം ഡയറക്ടര്‍ ക്യാപ്റ്റന്‍ ഖലീഫ മുഹമ്മദ് പറഞ്ഞു. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റും ഇയാളുടെ പക്കലുണ്ടായിരിക്കണം.
സുരക്ഷാ സംവിധാനങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കാന്‍ സൈക്കിള്‍ ടീമുകളില്‍ ഒരു സൂപ്പര്‍വൈസര്‍ ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ജാക്കറ്റുകള്‍ നല്‍കുമെന്നും ക്യാപ്റ്റന്‍ മുഹമ്മദ് പറഞ്ഞു.

 

Latest News