മുംബൈയിലുള്ള അമ്മയെ കാണണം; ഒമ്പത് വയസ്സുകാരിയുടെ കത്ത് വൈറലാകുന്നു

ഷാര്‍ജ- കോവിഡ് 19 ഭീതി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ കുടുങ്ങിയ അമ്മയെ തിരിച്ചെത്തിക്കാന്‍ സഹായിക്കണമെന്ന ബാലികയുടെ അഭ്യര്‍ഥന തരംഗമാകുന്നു. ഷാര്‍ജയില്‍ പിതാവ് ഹരേഷിനും സഹോദരന്‍ കൃഷിനുമൊപ്പം താമസിക്കുന്ന ഒമ്പത് വയസ്സുകാരി റാഷിയാണ് അമ്മ പൂനത്തിനെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന അധികൃതരെ ട്വിറ്ററിലൂടെ അറിയിച്ചത്. ശയ്യാവലംബിയായ മാതാവിനെ സന്ദര്‍ശിക്കാന്‍ മാര്‍ച്ച് 18ന് നാട്ടിലെത്തിയതായിരുന്നു പൂനം.
ഒരു വെള്ള പേപ്പറില്‍ കടലാസ് പെന്‍സില്‍ ഉപയോഗിച്ചാണ് തന്റെ സങ്കടം വിവരിച്ച് റാഷി പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/05/16/p3sharjahgirlletter.jpg

അബുശഖറയിലെ വീട്ടുവാതില്‍ക്കല്‍ അമ്മയെ കാത്തുനില്‍ക്കുന്നതിന്റെ ചിത്രവും കുട്ടി വരച്ചിട്ടുണ്ട്.
സര്‍, എന്റെ അമ്മയുമായി സമാഗമിക്കാന്‍ ദയവായി എന്നെ സഹായിക്കണം. എനിക്ക് അവരെ നന്നായി മിസ് ചെയ്യുന്നുണ്ട്. ഞാന്‍ അവരെ കണ്ടിട്ട് 59 ദിവസമായി. ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചു...

https://www.malayalamnewsdaily.com/sites/default/files/filefield_paths/p3_sharjah_girl_family.jpg
ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന റാഷിയുടെ കത്ത് പിതാവ് ഹരേഷ് കരംചന്ദാനിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. റാഷിയും 15 കാരനായ മകന്‍ കൃഷും ഇപ്പോള്‍ വലിയ മാനസിക പിരിമുറക്കം അനുഭവിക്കുകയാണെന്ന് ഇദ്ദേഹം പറഞ്ഞു. വാസ്തവത്തില്‍ വിഷമം സഹിക്കവയ്യാതെയാണ് മകള്‍ തന്റെ ആശയം കടലാസില്‍ പകര്‍ത്തിയത്. താനും മക്കളും പൂനത്തിനെ കാത്തിരിക്കുകയാണെന്നും എന്തെങ്കിലും പോംവഴിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ഏഴു വയസ്സുകാരന്‍ ആര്‍ച്ചി ബ്രിട്ടനില്‍ കുടുങ്ങിയ അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയോട് റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി അനുകൂലമായി പ്രതികരിച്ചിരുന്നു.

Latest News