കോവിഡ് മുക്തയായ വനിതാ ഡോക്ടറെ അയല്‍വാസി മുറിയില്‍ പൂട്ടിയിട്ടു

ന്യൂദല്‍ഹി- കോവിഡ് ചികിത്സ കഴിഞ്ഞ് രോഗ വിമുക്തയായി എത്തിയ വനിതാ ഡോക്ടറെ അയല്‍വാസി ബലമായി വീട്ടിനകത്ത് പൂട്ടിയിട്ടു. ദക്ഷിണ ദല്‍ഹിയിലെ വസന്ത്കുഞ്ചിലാണ് സംഭവം. അരുണ ആസിഫലി ആശുപത്രിയിലെ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍ക്കാണ് അയല്‍വാസിയില്‍നിന്ന് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത്.
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്കും വൈറസ് ബാധയുണ്ടായത്. പിന്നീട് ക്വാറന്റൈന്‍ സെന്ററിലെ നിരീക്ഷണവാസം കഴിഞ്ഞ് സ്വയം നിരീക്ഷണത്തിനായി താമസിക്കുന്ന ഫഌറ്റിലേക്കെത്തിയപ്പോഴാണ് അയല്‍വാസിയുടെ ഭീഷണിയും അധിക്ഷേപവും നേരിടേണ്ടി വന്നത്. ഫഌറ്റിനകത്തേക്ക് കടക്കുന്നത് തടഞ്ഞ ഇയാള്‍ ഡോക്ടര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി.
സ്വന്തം ഫഌറ്റിനകത്തേക്ക് ഡോക്ടര്‍ കയറിയതും ഇയാള്‍ വാതില്‍ പുറത്തു നിന്നു പൂട്ടിയിട്ടു. വനിത ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. എന്നാല്‍, പോലീസ് മടങ്ങിയതും അയല്‍ക്കാരന്‍ ബഹളം തുടങ്ങി. ആരെ വിളിച്ചു വരുത്തിയാലും ഇവിടെ താമസിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഇയാളുടെ ഭീഷണി. ഒടുവില്‍ ഡോക്ടറുടെ പരാതിയില്‍ മനീഷ് എന്ന അയല്‍വാസിക്കെതിരേ ദല്‍ഹി പോലീസ് കേസെടുത്തു.

 

Latest News