കേരളത്തില്‍ 11 പേര്‍ക്കുകൂടി കോവിഡ്; എല്ലാവരും സംസ്ഥാനത്തേക്ക് തിരിച്ചെത്തിയവര്‍

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. എല്ലാവരും ഈഴിടെ സംസ്ഥാനത്ത് തിരിച്ചെത്തിയവരാണ്. തൃശൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള രണ്ടുപേര്‍ക്ക് വീതവുമാണ് രോഗബാധ കണ്ടെത്തിയത്. 7 പേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ തമിഴ്നാട്നിന്നും, രണ്ടുപേര്‍ മഹാരാഷ്ട്രയില്‍നിന്നുമാണ് തിരിച്ചുവന്നത്.

ഇന്ന് ചികിത്സയിലുള്ള നാലുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇവര്‍ കണ്ണൂര്‍, വയനാട് ജില്ലകളില്‍നിന്നുള്ളവരാണ്. നിലവില്‍ 87 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി.

അരക്ഷത്തില്‍ അധികം പേരാണ് ലോക്ക്ഡൗണ്‍ ഇളവുവരുത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഈഴിടെ തിരിച്ചെത്തിയത്. വിമാന മാര്‍ഗ്ഗം 2911 പേരും കടല്‍വഴി 793 പേരും വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി 50,320 പേരും റെയില്‍വേ സേവനം ഉപയോഗിച്ച് 1021 പേരും ഉള്‍പ്പെടെ 55,045 പേരാണ് സംസ്ഥാനത്ത് എത്തിയത്.

Latest News