ന്യൂദല്‍ഹി- ജനങ്ങള്‍ കോവിഡിനോടൊപ്പം ജീവിച്ചു തുടങ്ങണമെന്നും ജീവിത ശൈലിയില്‍ മാറ്റം വരുത്തണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. കൈകള്‍ ഇടക്കിടെ കഴുകുന്നത് പതിവാക്കണമെന്നും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള രീതി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഹോട്ട് സ്പോട്ടുകള്‍ നിര്‍ണയിച്ച് സ്വീകരിക്കുന്ന നടപടികള്‍ രോഗവ്യാപനം തടയാന്‍ സഹായകമായതായി അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പോലും കണ്ടെയിന്മെന്റ് സോണുകള്‍ തരിച്ചുള്ള പ്രതിരോധ നടപടികള്‍ ഫലപ്രദമാണെന്ന് മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ദുഃഖം അധികാര നഷ്ടമാണെന്നും അവര്‍ക്ക് ഇനിയും അതുമായി പൊരുത്തപ്പെടാനായിട്ടില്ലെന്നും പ്രകാശ് ജാവഡേക്കര്‍ ആരോപിച്ചു. കുടിയേറ്റ തൊഴിലാളികളേയും പാവങ്ങളേയും നരേന്ദ്ര മോഡി സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന് കോണ്‍ഗ്രസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശവ്യാപക ലോക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ എല്ലായിടത്തും ദുരിതത്തിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
മോഡി സര്‍ക്കാര്‍ പ്രതീകാത്മക പരിപാടികളല്ല നടത്തുന്നതെന്നും ആവശ്യമായത് നല്‍കുകയാണെന്നും മന്ത്രി അവകാശപ്പെട്ടു. ആജ്തകിന്റെ ഇ അജണ്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലാം ലോക്ഡൗണിന്റെ വിജയം സംസ്ഥാന സര്‍ക്കാരുകളെ ആശ്രയിച്ചായിരിക്കും. കാരണം സംസ്ഥാന സര്‍ക്കാരുകളാണ് ഓരോ പ്രദേശത്തേയും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കേണ്ടത്. റെഡ് സോണുകളില്‍ മാത്രമേ ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാകുകയുള്ളൂവെന്നും മറ്റു മേഖലകളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുന്ന ആത്മ നിര്‍ഭര്‍ ഭാരത് (സ്വയം പര്യാപ്ത ഇന്ത്യ) മഹാത്മാ ഗാന്ധിയുടെ ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്നും സ്വയം പര്യാപ്തതയെന്നാല് ലോകവുമായി ബന്ധം വിഛേദിക്കുകയെന്നല്ല അര്‍ഥമെന്നും അദ്ദേഹം പറഞ്ഞു.






