റോം- രൂക്ഷമായ കോവിഡ് വ്യാപനം കാരണം രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇറ്റലി. ജൂൺ 3 മുതൽ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്ര അനുവദിക്കുമെന്ന് ഇറ്റലി സർക്കാർ അറിയിച്ചു.
മെയ് നാലിന് ഫാക്ടറികളും പാര്‍ക്കുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ളിലെ നിയന്ത്രണങ്ങൾ മെയ് 18 ന് അവസാനിക്കും. ജൂണ്‍ രണ്ടിനാണ് ഇറ്റലിയുടെ റിപ്പബ്ലിക് ദിനം. അന്ന് പൊതു അവധി ആയതിനാല്‍ ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കാന്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അന്നുവരെ നിയന്ത്രിക്കും. ജൂണ്‍ മൂന്നിന് ശേഷം നിയന്ത്രണങ്ങള്‍ പിന്‍വലിക്കും. എന്നിരുന്നാലും, പുതിയ അണുബാധകൾ വർദ്ധിക്കുകയാണെങ്കിൽ പ്രാദേശിക, സംസ്ഥാന സർക്കാരുകൾക്ക് ആവശ്യമെന്ന് തോന്നുന്ന പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ലോകത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇറ്റലി. ഫെബ്രുവരി 21-നാണ് ഇറ്റലിയിലെ കോവിഡ് വ്യാപനം തിരിച്ചറിയുന്നത്. വ്യാപനം നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ആദ്യ യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. 223,885 പേര്‍ക്കാണ് ഇതുവരെ ഇറ്റലിയില്‍ രോഗബാധ കണ്ടെത്തിയത്. 31,610 പേര്‍ മരണപ്പെടുകയും ചെയ്തു. ഇപ്പോഴും മുന്നൂറിന് അടുത്ത് മരണങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.






