Sorry, you need to enable JavaScript to visit this website.

ഒന്ന്, മൂന്ന്, രണ്ട്...

ചോ: ഫ്രാൻസ് ബെക്കൻബവർ കഴിഞ്ഞാൽ ഫുട്‌ബോളിലെ ഏറ്റവും മികച്ച സെൻട്രൽ ഡിഫന്ററായാണ് താങ്കൾ അറിയപ്പെടുന്നത്. എന്നിട്ടും 1982 ൽ ആദ്യം ലോകകപ്പ് നേടിയത് ഒരു മത്സരം പോലും കളിക്കാതെയാണ്?
ഉ: അന്നെനിക്ക് 22 വയസ്സായിരുന്നു. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും ആ ലോകകപ്പ് വലിയ അനുഭവമായിരുന്നു. ഇതിഹാസ താരങ്ങളായി മനസ്സിൽ കൊണ്ടുനടന്നവരോടൊപ്പമായിരുന്നു ഞാൻ. അർജന്റീനയിലെ മുൻ ലോകകപ്പ് ഞാൻ കണ്ടിരുന്നു. അന്ന് മനസ്സിൽ ആരാധിച്ച കളിക്കാരായിരുന്നു ഇറ്റലിയുടെ ടീമിൽ ഒപ്പമുണ്ടായിരുന്നത്. ഗെയ്റ്റാനൊ സിയേറ, ക്ലോഡിയൊ ജെന്റൈൽ, ആന്റോണിയൊ കബ്രീനി, മാർക്കൊ ടാർഡെല്ലി, ബ്രൂണൊ കോണ്ടി, ജിയാൻകാർലൊ ആന്റോണിയോണി, ഫ്രാഞ്ചെസ്‌കൊ ഗ്രേസിയാനി തുടങ്ങിയവർ. കളിക്കളത്തിലും വ്യക്തിത്വത്തിലും ആ നിരയെ വെല്ലാനാവുമായിരുന്നില്ല. ബ്രസീലിനെയും അർജന്റീനയെയും പശ്ചിമ ജർമനിയെയുമൊക്കെ ഞങ്ങൾ തോൽപിച്ചു. പരിശീലനത്തിൽ ടീമിനെ ഞാൻ പരമാവധി സഹായിച്ചു. അതിനെക്കാളുപരി ഞാൻ പഠിക്കുകയായിരുന്നു. 

ചോ: 1990 ലെ ലോകകപ്പിൽ സ്വന്തം മണ്ണിൽ 518 മിനിറ്റ് ഗോൾ വഴങ്ങാതിരുന്നിട്ടും ഇറ്റലി സെമിയിൽ പുറത്തായി. 
ഉ: ഫൈനലിലെങ്കിലും എത്തേണ്ടതായിരുന്നു ഞങ്ങൾ. അപ്പോഴേക്കും ഞാൻ പരിചയസമ്പന്നനായിരുന്നു. എ.സി മിലാനിൽ വർഷങ്ങളായി ക്യാപ്റ്റനായിരുന്നു. സെമി ഫൈനലിൽ അർജന്റീനയോട് ഷൂട്ടൗട്ടിലാണ് ഞങ്ങൾ തോറ്റത്. ചിലപ്പോൾ ഭാഗ്യവും വേണ്ടി വരും. 1994 ലും ഷൂട്ടൗട്ടിൽ ഞങ്ങൾ ഫൈനലിൽ തോറ്റു. 2006 ൽ ഭാഗ്യം ഞങ്ങളോടൊപ്പമായിരുന്നു, ഷൂട്ടൗട്ടിൽ ഞങ്ങൾ ഫൈനൽ ജയിച്ചു. 

ചോ: 1994 ൽ ക്യാപ്റ്റനായാണ് ലോകകപ്പ് കളിച്ചത്. രണ്ടാമത്തെ മത്സരത്തിൽ പരിക്കേറ്റു. അതോടെ കരിയർ അവസാനിച്ചുവെന്നു കരുതിയോ?
ഉ: നോർവെക്കെതിരെ ഞാൻ പരിക്കേറ്റു മടങ്ങിയിട്ടും പത്തു പേരുമായി ഇറ്റലി 1-0 ന് ജയിച്ചു. അതുല്യമായ അനുഭവമായിരുന്നു അത്. ജൂൺ 25 ന് ഓപറേഷൻ വേണ്ടിവന്നു. എന്നിട്ടും ജൂലൈ 17 ന് ഫൈനലിൽ കളിച്ചു. അടുത്ത സീസണിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് ഫൈനലിൽ കളിക്കാൻ അവസരം കിട്ടിയത്. കോച്ച് അരിഗൊ സാക്കി എടുത്ത ധീരമായ തീരുമാനമായിരുന്നു അത്. സംഘർഷം നിറഞ്ഞ ദിവസമായിരുന്നു അത്. മത്സര ദിവസം രാവിലെയാണ് കളിക്കുമെന്ന് തീരുമാനമായത്. 

ചോ: മൂന്ന് ലോകകപ്പുകൾ,മൂന്ന് അനുഭവങ്ങൾ. 
ഉ: മൂന്നു ലോകകപ്പുകളിൽ കളിക്കാനായത് ഭാഗ്യമായി കരുതുന്നു. മൂന്നു തവണയും മെഡൽ കഴുത്തിലണിയാൻ സാധിച്ചതിലും. പലരും എന്നെക്കാളധികം തവണ ലോകകപ്പ് കളിച്ച് വെറുംകൈയുമായി മടങ്ങിയിട്ടുണ്ട്. അപ്പോൾ ഒന്നും, മൂന്നും, രണ്ടും സ്ഥാനം നേടാനായത് ചില്ലറക്കാര്യമല്ല. 

ചോ: ഇപ്പോഴത്തെ ഡിഫന്റർമാരെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉ: കഴിഞ്ഞ 15-20 വർഷത്തിനിടയിൽ ഫുട്‌ബോൾ ഏറെ മാറി. കളിക്കളത്തിൽ മാത്രമല്ല. എങ്ങനെയാണ് കളിയെ സമീപിക്കുന്നതെന്നതിലും ഇന്റർനെറ്റിൽ ലഭിക്കുന്ന വിവരങ്ങളുടെ കാര്യത്തിലും സോഷ്യൽ മീഡിയയുടെ പങ്കും എല്ലാം. ഡിഫന്റർമാരെ കാണുന്ന രീതിയിലും മാറ്റമുണ്ടായി. ഡിഫന്റർമാരുടെ പ്രാധാന്യം ആരാധകർ ഇന്ന് മനസ്സിലാക്കുന്നു. മനസ്സിൽ തങ്ങിയ ഒരു ഡിഫന്ററുടെ പേര് പറയണമെങ്കിൽ അത് വിർജിൽ വാൻഡിക്കാണ്. ലിവർപൂളിനെ പോലൊരു ടീമിൽ യഥാർഥ നായകനാവാൻ വേണ്ട കരുത്തും ഗുണവും സ്വഭാവദാർഢ്യവുമൊക്കെയുണ്ട് വാൻഡിക്കിന്.
 

Latest News