Sorry, you need to enable JavaScript to visit this website.

ഗോളും ഗോൾ നഷ്ടവും

1980 ൽ വെംബ്ലിയിലും 1986 ൽ മെക്‌സിക്കോയിലും ഡിയേഗൊ മറഡോണ സൃ്ഷ്ടിച്ച അദ്ഭുത നിമിഷങ്ങൾ. പൊടുന്നനെ ഗതി മാറി ഒഴുകുന്ന നദി പോലെ മറഡോണ കുതിച്ചപ്പോൾ ഇംഗ്ലണ്ട് ഡിഫന്റർമാർ പലതവണ ഇളിഭ്യരായി നിന്നു. ഗോൾമുഖത്ത് റേ ക്ലമൻസിന് മറഡോണ നിരന്തരം ഭീഷണിയായി. അതിമനോഹരമായ നീക്കത്തിൽ ഗോളിയെ വലംവെച്ച മറഡോണ വലയിലേക്ക് പന്തുരുട്ടി വിട്ടതായിരുന്നു. പക്ഷെ ചവിട്ടിന് അൽപം ശക്തി കൂടി. പോസ്റ്റിനു പുറത്തു തട്ടി പന്ത് ലക്ഷ്യം തെറ്റി. ആ നീക്കത്തോട് സാമ്യതയുള്ളതായിരുന്നു ലോകകപ്പിലെ കുതിപ്പ്. ലോകകപ്പിൽ ഗോളി പീറ്റർ ഷിൽറ്റൺ ഡൈവ് ചെയ്യാൻ മറഡോണ കാത്തുനിന്നു. നിസ്സഹായനായ ഗോളിക്കു മുകളിലൂടെ കടന്ന് ഒഴിഞ്ഞ വലയിൽ പന്ത് നിക്ഷേപിച്ചു.  

ഡിയേഗൊ മറഡോണ ഇംഗ്ലിഷ് കാണികൾക്കു മുന്നിൽ കളിച്ചിട്ട് 40 വർഷമാവുന്നു. ആറു വർഷത്തിനു ശേഷം ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ ഇംഗ്ലണ്ട് അനുഭവിക്കാൻ പോവുന്ന ദുരിതത്തിന്റെ ആദ്യ സൂചനകൾ നൽകിയാണ് മറഡോണ അന്ന് ഇംഗ്ലണ്ട് വിട്ടത്. 1980 മെയ് 13 നാണ് അർജന്റീന ടീമിനൊപ്പം ഇംഗ്ലണ്ടിനെതിരെ സൗഹൃദ മത്സരം കളിക്കാൻ ഇരുപതുകാരനായ മറഡോണ എത്തിയത്. രണ്ടു വർഷം മുമ്പ് അർജന്റീന ആതിഥ്യം വഹിച്ച ലോകകപ്പിൽ മറഡോണയെ കളിപ്പിക്കാതിരുന്നത് വലിയ വിവാദമായിരുന്നു. ഒരു കൊച്ചു പയ്യനായാണ് മറഡോണയെ കോച്ച് സെസാർ ലൂയിസ് മെനോട്ടി കണ്ടത്. അതൊരു വലിയ നഷ്ടമാണെന്ന് 1979 ലെ യൂത്ത് ലോകകപ്പിൽ മറഡോണ തെളിയിച്ചു. മറഡോണയുടെ കരുത്തിൽ അർജന്റീന ലോക യൂത്ത് ചാമ്പ്യന്മാരായി. 


പിറ്റേ വർഷം വെംബ്ലിയിൽ അസാമാന്യപ്രതിഭയുടെ ചില മിന്നലാട്ടങ്ങൾ മറഡോണ പ്രകടിപ്പിച്ചു. ഈ പയ്യനെക്കുറിച്ച പുകഴ്ത്തുപാട്ടുകൾ വെറുതെയല്ലെന്ന് ഇംഗ്ലിഷ് ഫുട്‌ബോൾ പ്രേമികൾ തിരിച്ചറിഞ്ഞു. കളി 3-1 ന് ഇംഗ്ലണ്ട് ജയിച്ചു, പക്ഷെ ഗാലറിയുടെ മനം കീഴടക്കിയത് മറഡോണയായിരുന്നു. ആറു വർഷത്തിനു ശേഷം ലോകകപ്പിൽ മറഡോണയുടെ കുതിപ്പിനെ ബി.ബി.സി റേഡിയൊ കമന്റേറ്റർ ബ്രയാൻ ബട്‌ലർ വിശേഷിപ്പിച്ചത് ഈൽ മത്സ്യത്തെപ്പോലെ തിരിഞ്ഞും വളഞ്ഞും എന്നാണ്. വെംബ്ലിയിലും അതിന്റെ ലാഞ്ഛനകൾ കണ്ടു. പൊടുന്നനെ ഗതി മാറി ഒഴുകുന്ന നദി പോലെ മറഡോണ കുതിച്ചപ്പോൾ ഇംഗ്ലണ്ട് ഡിഫന്റർമാർ പലതവണ ഇളിഭ്യരായി നിന്നു. ഗോൾമുഖത്ത് റേ ക്ലമൻസിന് മറഡോണ നിരന്തരം ഭീഷണിയായി. അതിമനോഹരമായ നീക്കത്തിൽ ഗോളിയെ വലംവെച്ച മറഡോണ വലയിലേക്ക് പന്തുരുട്ടി വിട്ടതായിരുന്നു. പക്ഷെ ചവിട്ടിന് അൽപം ശക്തി കൂടി. പോസ്റ്റിനു പുറത്തു തട്ടി പന്ത് ലക്ഷ്യം തെറ്റി. 
മത്സരത്തിനു ശേഷം ആ ഷോട്ട് അൽപം നേരത്തെയായിപ്പോയെന്ന് മറഡോണയുടെ സഹോദരൻ വിലയിരുത്തി. ഒന്ന് ഗോളിയെ വെട്ടിക്കാൻ കാത്തുനിൽക്കണമായിരുന്നുവെന്ന് സഹോദരൻ അഭിപ്രായപ്പെട്ടു. 1986 ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സഹോദരന്റെ ഉപദേശം മറഡോണ മാനിച്ചു. 1980 ലെ ആ നീക്കത്തോട് സാമ്യതയുള്ളതായിരുന്നു ലോകകപ്പിലെ കുതിപ്പ്. വെംബ്ലിയിൽ ഗോൾമുഖത്തായിരുന്നു സംഭവങ്ങളെല്ലാം. 
എന്നാൽ ലോകകപ്പിൽ പോസ്റ്റിൽനിന്ന് ഏറെ അകലെയാണ് മറഡോണക്ക് പന്ത് കിട്ടിയത്. ഒന്നിനു പിറകെ ഒന്നായി ഡിഫന്റർമാരെ വെട്ടിച്ച ശേഷം വലതു വശത്തു കൂടെ ബോക്‌സിലേക്കു കയറി. വെംബ്ലിയിൽ കയറിയ ഉടനെ മറഡോണ ഷൂട്ട് ചെയ്തു. ലോകകപ്പിൽ ഗോളി പീറ്റർ ഷിൽറ്റൺ ഡൈവ് ചെയ്യാൻ മറഡോണ കാത്തുനിന്നു. നിസ്സഹായനായ ഗോളിക്കു മുകളിലൂടെ കടന്ന് ഒഴിഞ്ഞ വലയിൽ പന്ത് നിക്ഷേപിച്ചു. 


ലോകകപ്പിലെ ആ കുതിപ്പ് തന്നെ ഒരു സംഭവമായിരുന്നു. എന്നാൽ ഒന്നിനു പിറകെ ഒന്നായി ഡിഫന്റർമാരെ വെട്ടിക്കുന്നതിനിടയിൽ അടുത്ത നീക്കത്തെക്കുറിച്ചായിരുന്നു മനസ്സ് നിറയെ ചിന്തയെന്ന് സെന്റർ ഫോർവേഡ് ജോർജെ വാൾദാനോയോട് മത്സര ശേഷം ഡ്രസ്സിംഗ് റൂമിൽ വെച്ച് മറഡോണ വെളിപ്പെടുത്തി. മറഡോണ പന്ത് ക്രോസ് ചെയ്യുകയാണെങ്കിൽ അത് സ്വീകരിക്കാനായി തക്കം നോക്കുകയായിരുന്നു വാൾദാനൊ. ആ കുതിപ്പിനിടയിലും വാൾദാനൊ എവിടെയാണെന്നതിനെക്കുറിച്ച് മറഡോണക്ക് കൃത്യമായ നിരീക്ഷിണമുണ്ടായിരുന്നു. പാസ് ചെയ്യുന്നതാണോ ഷൂട്ട് ചെയ്യുന്നതാണോ ഡ്രിബ്ൾ ചെയ്തു മുന്നേറുന്നതാണോ ഏതാണ് നല്ലത് എന്ന് കണക്കു കൂട്ടുന്നുണ്ടായിരുന്നു. എല്ലാം പ്രകാശവേഗത്തിലാണെന്നു മാത്രം. വളരെ മോശം കളിക്കളത്തിലായിരുന്നു ആ മത്സരമെന്നോർക്കുക, ഫാക്്‌ലാന്റ് ദ്വീപിന്റെ പേരിൽ ഇംഗ്ലണ്ടും അർജന്റീനയും തമ്മിലുള്ള രാഷ്ട്രീയപ്പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു സാദാ ലോകകപ്പ് ക്വാർട്ടറിന്റെ പതിന്മടങ്ങ് പിരിമുറുക്കമുണ്ടായിരുന്നു ആ കളിക്ക്. 
എല്ലാം മിന്നൽവേഗത്തിൽ സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതികരിക്കുന്നതു പോയിട്ട്, ചിന്തിക്കാൻ പോലും സമയമുണ്ടായിരുന്നില്ല. പക്ഷെ മറഡോണയുടെ മനസ്സ് സൂപ്പർ കംപ്യൂട്ടർ പോലെ പ്രവർത്തിക്കുകയായിരുന്നു. ആറു വർഷത്തെ പിഴവ് ഓർമിച്ച്, ഗോളിയെ വലംവെക്കാനും ഗോളടിക്കാനും മറഡോണക്ക് ആവശ്യത്തിലേറെ സമയമുണ്ടായിരുന്നു.

Latest News