തായിഫ് - നഗരത്തിലെ സെൻട്രൽ പച്ചക്കറി മാർക്കറ്റ് നഗരസഭ, പോലീസ്, ആരോഗ്യ വകുപ്പ് പ്രതിനിധികൾ അടങ്ങിയ കമ്മിറ്റി മുൻകരുതൽ നടപടികളുടെ ഭാഗമായി അടപ്പിച്ചു. പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർ അടക്കം ഏതാനും പേർക്ക് കൊറോണബാധ സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മാർക്കറ്റ് അടപ്പിച്ചത്. അണുനശീകരണ ജോലികൾ പൂർത്തിയാക്കി വൈകാതെ സൂഖ് വീണ്ടും തുറക്കുമെന്ന് നഗരസഭാ വൃത്തങ്ങൾ പറഞ്ഞു.
പച്ചക്കറി മാർക്കറ്റ് അടച്ച പശ്ചാത്തലത്തിൽ നഗരത്തിൽ 21 ഇടങ്ങളിൽ താൽക്കാലിക പച്ചക്കറി വിൽപന കേന്ദ്രങ്ങൾ നഗരസഭ തുറന്നു. അണുനശീകരണ ജോലികൾ പൂർത്തിയാക്കി വീണ്ടും തുറക്കുന്ന പച്ചക്കറി മാർക്കറ്റിലെ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് താൽക്കാലിക പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറന്നതെന്നും നഗരസഭാ വൃത്തങ്ങൾ പറഞ്ഞു. അശീറ, അൽഹദ, അൽഅതീഫ്, ന്യൂ തായിഫ്, അൽശഫ, അൽസൈൽ അൽകബീർ, ദക്ഷിണ തായിഫ്, അൽസൈൽ അൽസ്വഗീർ എന്നിവിടങ്ങളിലാണ് താൽക്കാലിക പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്.
അശീറയിൽ റുമൂസ് അൽഫലാഹ് പെട്രോൾ ബങ്കിനു സമീപവും സാമൂഹിക വികസന കമ്മിറ്റിക്കു സമീപവും ഫൈസലിയ ഹെൽത്ത് സെന്ററിനു സമീപവുമാണ് താൽക്കാലിക പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. അൽഹദയിൽ അൽഅഅ്മഖ് റോഡും റിംഗ് റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനു സമീപവും അൽഅതീഫിൽ അൽഅതീഫ് മേൽപാലത്തിന് തെക്കും താൽക്കാലിക കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ന്യൂ തായിഫിൽ അൽദഹാസ് ഡിസ്ട്രിക്ടിലും ബിലാൽ ബിൻ റബാഹ് മസ്ജിദിനു സമീപവും അൽശഫയിൽ അൽസിയാഹി റോഡിന്റെ പ്രവേശന കവാടത്തിലും അൽസൈൽ അൽകബീറിൽ മീഖാത്തിനു സമീപവും ഉമൈശ് ബിൻ അമ്മാർ മസ്ജിദിനു സമീപവും ദക്ഷിണ തായിഫിൽ അൽസിറിലും കലാഖിലും സുദൈറയിലും ശഖ്സാനിലും അൽസൈൽ അൽസ്വഗീറിൽ ട്രക്ക് റോഡിന് പടിഞ്ഞാറും മക്ക-തായിഫ് റോഡിൽ അൽഫൈറൂസ് ഓഡിയറ്റോറത്തിനു മുന്നിലുമാണ് താൽക്കാലിക പച്ചക്കറി വിൽപന കേന്ദ്രങ്ങൾ നഗരസഭ തുറന്നിരിക്കുന്നത്.
പടിഞ്ഞാറൻ തായിഫിൽ ഉക്കാദ് റോഡിന്റെ അവസാന ഭാഗത്തും ശുബ്റ റോഡിൽ പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്തിന് പടിഞ്ഞാറും അൽജൈശ് സ്ട്രീറ്റിലും അൽവിസാമിലും കിഴക്കൻ തായിഫിൽ അൽഖംരിയയിലെ പഴയ പച്ചക്കറി മാർക്കറ്റിലും അൽറദഫിലും ഹുവയ്യയിൽ സ്പോർട്സ് സ്റ്റേഡിയത്തിന്റെ വടക്കു ഭാഗത്തെ പാർക്കിംഗിലും താൽക്കാലിക പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.






