ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റിയിൽ ഫീൽഡ് ആശുപത്രി തുറന്നു

മക്ക - കൊറോണ രോഗികളെ ചികിത്സിക്കുന്നതിന് മക്ക ഉമ്മുൽഖുറാ യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിൽ ഫീൽഡ് ആശുപത്രി തുറന്നു. ആരോഗ്യ വകുപ്പുമായി സഹകരിച്ച് അൽആബിദയയിലെ സർവകലാശാലാ കോമ്പൗണ്ടിലാണ് ഫീൽഡ് ആശുപത്രി തുറന്നിരിക്കുന്നത്. മക്ക പ്രവിശ്യ ആരോഗ്യ വകുപ്പാണ് ആശുപത്രി പ്രവർത്തിപ്പിക്കുക. 


യൂനിവേഴ്‌സിറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ഫീൽഡ് ആശുപത്രി സജ്ജീകരിച്ചതെന്ന് ഉമ്മുൽഖുറാ സർവകലാശാലാ അണ്ടർ സെക്രട്ടറി ഡോ. ഫരീദ് അൽഗാംദി പറഞ്ഞു. 500 കിടക്കകളുള്ള ഫീൽഡ് ആശുപത്രി പതിനാലു ദിവസമെടുത്താണ് സജ്ജീകരിച്ചതെന്ന് യൂനിവേഴ്‌സിറ്റി പദ്ധതികാര്യ വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽഹാസിമി പറഞ്ഞു. 4500 ചതുരക്ര മീറ്റർ വിസ്തീർണത്തിൽ സജ്ജീകരിച്ച ആശുപത്രിയിൽ നാലു ഹാളുകളാണുള്ളത്. ആദ്യ ഘട്ടത്തിൽ 200 കിടക്കകളോടെയാണ് ആശുപത്രി പ്രവർത്തിപ്പിക്കുക. ലാബും എക്‌സ്‌റേ വിഭാഗവും ഫാർമസിയും ക്ലിനിക്കൽ ന്യൂട്രിഷ്യൻ വിഭാഗവും അടക്കം മുഴുവൻ മെഡിക്കൽ സപ്പോർട്ട് വിഭാഗങ്ങളും ആശുപത്രിയിലുണ്ട്. 

 

Latest News