അബുദാബി- പത്ത് ദശലക്ഷം പേര്‍ക്ക് ഭക്ഷണമെന്ന യു.എ.ഇയുടെ ബൃഹദ് പദ്ധതി, വന്‍ സംഭാവനകളുടെ ഫലമായി 15 ദശലക്ഷത്തിലെത്തി. ഒരു മാസത്തിനുള്ളില്‍ 10 ദശലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയാണ് അത്രയും സമയമെടുക്കാതെ തന്നെ 15 ദശലക്ഷത്തിലെത്തിയത്. രാജ്യത്തെ കോവിഡ് 19 ബാധിത കമ്മ്യൂണിറ്റികള്‍ക്കായാണ് ഈ സേവനം നടത്തിയത്. വിജയകരമായ കാമ്പെയിന്‍ ഇന്ന് സമാപിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും യു.എ.ഇ ഫുഡ് ബാങ്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സനുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്് അല്‍ മക്തൂമിന്റെ ഭാര്യ ശൈഖാ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമ അല്‍ മക്തൂമാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. കൊറോണ വൈറസ് മഹാമാരിയോടുള്ള പ്രായോഗിക മാനുഷിക പ്രതികരണമായാണ് ദശലക്ഷം ഭക്ഷണ പരിപാടി അവതരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.
യു.എ.ഇയിലെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ പദ്ധതി ആഗോള പകര്‍ച്ചവ്യാധിക്കെതിരായ ദുര്‍ബലരെ പിന്തുണയ്ക്കാന്‍ എല്ലാവരേയും ഒരുമിച്ച് കൊണ്ടുവന്ന് യു.എ.ഇ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ ചക്രവാളങ്ങള്‍ തുറക്കുകയായിരുന്നു.
കോവിഡ് 19 നെതിരായ സോഷ്യല്‍ സോളിഡാരിറ്റി ഫണ്ടുമായി സഹകരിച്ച് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് (എംബിആര്‍ജിഐ) മേല്‍നോട്ടം വഹിച്ച കാമ്പെയ്ന്‍ 110,000 വ്യക്തികളില്‍നിന്നും 115 വ്യത്യസ്ത രാജ്യക്കാരുടെ കമ്പനികളില്‍ നിന്നും 15 ദശലക്ഷം ഭക്ഷണ പാര്‍സലുകള്‍ നല്‍കുന്നതിന് സംഭാവന സ്വീകരിച്ചു. ആയിരത്തിലധികം സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഇതുവരെ 6.5 ദശലക്ഷം ഭക്ഷണം രാജ്യത്തുടനീളം വിതരണം ചെയ്തു.
പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലാവര്‍ക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് ആവശ്യമായ വിഭവങ്ങള്‍ നല്‍കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് '10 ദശലക്ഷം ഭക്ഷണം' കാമ്പെയ്ന്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ ഹിന്ദ് ബിന്ത് മക്തൂം പറഞ്ഞു.






