തായിഫ് - തൊഴിലാളികളുടെ താമസസ്ഥലത്ത് ടോയ്‌ലെറ്റില്‍ മൈദ ചാക്കുകള്‍ സൂക്ഷിച്ചതിനും മറ്റു നിയമ ലംഘനങ്ങള്‍ക്കും ഈസ്റ്റ് തായിഫ് ബലദിയ പരിധിയിലെ റെസ്റ്റോറന്റ് നഗരസഭാധികൃതര്‍ അടപ്പിച്ചു.
റെസ്റ്റോറന്റ് തൊഴിലാളികളുടെ താമസസ്ഥലവും അധികൃതര്‍ അടപ്പിച്ചിട്ടുണ്ട്. റെസ്റ്റോറന്റിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ താമസസ്ഥലത്തു വെച്ച് തയാറാക്കുന്നതായും ഇറച്ചിയും കോഴിയിറച്ചിയും പച്ചക്കറികളും അടക്കം ഭക്ഷ്യവസ്തുക്കളുടെ വന്‍ ശേഖരം യാതൊരുവിധ ആരോഗ്യ വ്യവസ്ഥകളും പാലിക്കാതെ താമസസ്ഥലത്ത് സൂക്ഷിക്കുന്നതായും നഗരസഭാധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.
ഉറവിടമറിയാത്ത ഇറച്ചി ശേഖരം മോശം രീതിയില്‍ സൂക്ഷിച്ചതിനാല്‍ ഉപയോഗശൂന്യമായി മാറിയിരുന്നു. സ്ഥാപനത്തിന് ഉയര്‍ന്ന തുക പിഴ ചുമത്തിയിട്ടുണ്ട്. മറ്റു ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ വ്യക്തമാക്കി.