മദ്യക്കടകള്‍ അടയ്ക്കണമെന്ന് ഹരജി; പരാതിക്കാരന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി

ന്യൂദല്‍ഹി- ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി മദ്യക്കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.

ഹരജി തള്ളിയ ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, എസ്കെകൗള്‍, ബിആര്‍ ഗവായി എന്നിവരടങ്ങിയ ബഞ്ച് പ്രശസ്തിക്കുവേണ്ടിയാണ് ആളുകള്‍ ഇത്തരം നിസ്സാര ഹരജികളുമായി കോടതിയില്‍ എത്തുന്നതെന്ന് നിരീക്ഷിച്ചു. 'ഇതുപോലുളള ഹരജികള്‍ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്. ഞങ്ങള്‍ പിഴ ചുമത്തും.'ജസ്റ്റിസ് എല്‍ നാഗേശ്വര റാവു വ്യക്തമാക്കി.

അതേസമയം, മദ്യക്കടകള്‍ക്ക് കേന്ദ്രം പ്രവര്‍ത്തനാനുമതി നല്‍കിയതോടെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യഷോപ്പുകളിലെ വന്‍ തിരക്ക് വാര്‍ത്തയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ സ്വീകരിച്ച് വീട്ടില്‍ എത്തിച്ചുനല്‍കുന്ന കാര്യം പരിഗണിച്ചുകൂടേ എന്നായിരുന്നു ഇതേ തുടര്‍ന്ന് സുപ്രീംകോടതി തന്നെ ആരാഞ്ഞത്.
 

Latest News