പാലക്കാട്- കേരളത്തില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി മഴപെയ്തതോടെ പലയിടത്തും ഉരുള്‍പൊട്ടലുകളും വ്യാപക നാശനഷ്ടങ്ങളുമുണ്ടായി. അട്ടപ്പാടിയില്‍ രണ്ടിടത്താണ് ഉരുള്‍പൊട്ടിയത്. ഉള്‍പ്രദേശമായ ആനക്കല്ലിലാണ് ദുരന്തം. നാലു വീടുകള്‍ ഭാഗികമായ തകര്‍ന്നു. കൃഷിയിടങ്ങള്‍ നശിച്ചു. പലയിടത്തും ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായി. പാലക്കാട്-അട്ടപ്പാടി റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലും മണ്ണിടിച്ചിലുണ്ടായി. കനത്ത മഴ ഇടുക്കിയിലെ അണക്കെട്ട് പാതി നിറച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, താമരശ്ശേരി ഭാഗങ്ങളില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മലയോര മേഖലയിലും തീരദേശത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും വ്യാഴാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിക്കുന്നു. തുലാവര്‍ഷം തുടങ്ങിയിട്ടില്ലെങ്കിലും അതിനു സമാനമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ തുലാവര്‍ഷമെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സംസ്ഥാനത്ത് തലശ്ശേരി, ചാലക്കുടി, എറണാകുളം, പെരുമ്പാവൂര്‍, കോട്ടയം, വൈക്കം എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ മഴ പെയത്. മറ്റു 36 കേന്ദ്രങ്ങളില്‍ രണ്ടു സെന്റീമീറ്റര്‍ വരെ മഴ പെയ്തു. നഗരങ്ങളില്‍ മഴയെ തുടര്‍ന്ന് പലയിടത്തം വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
അറബിക്കടലിനു മുകളില്‍ പെയ്യാനൊരുങ്ങി മഴമേഘങ്ങള്‍ കൂടിവരികയാണ്. ബംഗാള്‍ ഉള്‍ക്കടലിലും മേഘങ്ങള്‍ ശക്തമാണ്. അടുത്തയാഴ്ചയോടെ രാജ്യമെങ്ങും മണ്‍സൂണ്‍ ഒരിക്കല്‍ കൂടി ശക്തിപ്രാപിക്കുകമെന്നാണ് പ്രവചനം.
മഴ കനത്തതോടെ കേരളത്തില്‍ 30 ശതമാനമായിരുന്ന മഴലഭ്യതക്കുറവ് 16 ശതമാനമായി ഇടിഞ്ഞു. 157 സെന്റിമീറ്റര്‍ മഴ ലഭിക്കേണ്ട സംസ്ഥാനത്ത് ഇന്നലെ വരെ 155 സെന്റിമീറ്ററോളം മഴലഭിച്ചു.