കാൽപന്തുകളിയിൽ പതിറ്റാണ്ടുകൾക്കുമുമ്പു തന്നെ സ്വന്തം പേര് എഴുതിചേർത്ത മണ്ണാണ് കണ്ണൂരിന്റേത്. ഇവിടെനിന്നും ദേശീയ അന്തർ ദേശീയതലങ്ങളിലേക്ക് വളർന്ന പ്രതിഭകൾ ഏറെയുണ്ട്. അവരിൽ എടുത്തുപറയാവുന്ന പേരാണ് സി.എം ചിദാനന്ദൻ. ഫുട്‌ബോളിനെ ലഹരിയും ജീവിതവുമായി കൊണ്ടുനടന്ന തലമുറയിലെ കണ്ണിയായിരുന്നു കൂട്ടുകാർ സ്‌നേഹത്തോടെ ചിന്നൻ എന്നു വിളിച്ചിരുന്ന ചിദാനന്ദൻ.
കണ്ണൂർ താളിക്കാവ് ചെട്ട്യാർകുളം റോഡിലെ ചെറുവാരി മഠം എന്ന പുരാതന തറവാട്ടിലാണ് ചിദാനന്ദൻ പിറന്നത്. ഈസ്റ്റ് ആഫ്രിക്കയിൽ ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥനായ ചെറുവാരി ശേഖരന്റെയും മഠത്തിൽ കല്യാണിയുടെയും മകനായ ചിദാനന്ദനു ഓർമ്മ വെച്ച കാലം മുതൽ ഫുട്‌ബോൾ ജീവവായുവായിരുന്നു. ഇന്ന് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ പഴയ കോട്ട മൈതാനത്ത് കാൽപന്തു തട്ടിയാണ് ചിദാനന്ദൻ കായിക ജീവിതത്തിനു തുടക്കമിട്ടത്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കണ്ണൂരിലെ പല മൈതാനങ്ങളിലും പിന്നീട് സംസ്ഥാനത്തങ്ങോളമിങ്ങോളം വിവിധ ക്ലബ്ബുകൾക്കു വേണ്ടിയും കളത്തിലിറങ്ങി. കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിലായിരുന്നു പഠനം. കളിയിലും പഠനത്തിലും ഒരുപോലെ മിടുക്കു നേടിയെന്നത് ഇദ്ദേഹത്തെ സ്‌കൂളിൽ പ്രിയങ്കരനാക്കി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് പഠനകാലത്ത് ചിദാനന്ദന്റെ മികവിലാണ് കോളേജ് ആദ്യമായി ഇന്റർ കൊളീജിയേറ്റ് ചാമ്പ്യന്മാരാവുന്നത്. കോളേജ് പഠനകാലത്തുതന്നെ സന്തോഷ് ട്രോഫി സീനിയർ ടീമിൽ ഇടം നേടാനും ചിദാനന്ദനു കഴിഞ്ഞു.
കണ്ണൂരിന്റെ എക്കാലത്തേയും അഭിമാനമായ ബ്രദേഴ്‌സ് ക്ലബ്ബിന്റെ നായകൻ കൂടിയായിരുന്ന ചിദാനന്ദൻ, എം.ആർ.സി വെല്ലിംഗ്ടൺ, നാഗ്ജി കിരീടങ്ങൾ തന്റെ മികവിൽ കണ്ണൂരിനു നേടിക്കൊടുത്തു. ബ്രദേഴ്‌സ് ടീമിൽ സെന്റർ ഫോർവേഡ് പൊസിഷനിലാണ് ചിദാനന്ദൻ കളിച്ചിരുന്നത്.
കേരള സംസ്ഥാനം രൂപം കൊണ്ട അതേ വർഷമായിരുന്നു അന്ന് 18 വയസ്സ് മാത്രമുണ്ടായിരുന്ന ചിദാനന്ദൻ ആദ്യമായി സന്തോഷ് ട്രോഫിയിൽ പങ്കെടുത്തത്. ഹൈദരാബാദായിരുന്നു വേദി. ശക്തരായ മൈസൂരുമായിട്ടായിരുന്നു ആദ്യ മത്സരം. പേട്ട രവി ക്യാപ്റ്റനായ ടീമിൽ തമ്പി ജോർജ്, ഹുസൈൻ, ചട്ടി പീറ്റർ, ഇന്ദ്രപാലൻ, ഹംസ, വിൻസന്റ്, ഡിക്ലാസ്, കൊച്ചു ജോർജ്, രാധാ രമണൻ എന്നിവരായിരുന്നു ചിദാനന്ദനു പുറമെ ജഴ്‌സിയണിഞ്ഞത്. രണ്ടു തവണ സന്തോഷ് ട്രോഫി നേടിയ മൈസൂരിനെ തറപറ്റിച്ചായിരുന്നു കേരളത്തിന്റെ തുടക്കം. എന്നാൽ ക്വാർട്ടർ ഫൈനലിൽ കണ്ണൂരുകാരൻ കൂടിയായ രാഘവന്റെ നേതൃത്വത്തിലിറങ്ങിയ സർവീസസ്, കേരള പ്രതീക്ഷകൾ തകർത്തു.
ആദ്യ സന്തോഷ് ട്രോഫി ടീമിൽ ചിദാനന്ദനു പുറമെ, രണ്ട് മലബാറുകാരുമുണ്ടായിരുന്നു. ഒറ്റപ്പാലം ഹംസയും കോഴിക്കോട്ടെ ഹുസൈനും.
പിന്നീട് മൂന്നു വർഷം ചിദാനന്ദൻ കേരള സീനിയർ ടീമിന്റെ ജഴ്‌സി അണിഞ്ഞു. സന്തോഷ് ട്രോഫിയിലെ പ്രകടനം കണ്ട് കൊൽക്കത്ത മോഹൻ ബഗാൻ ചിദാനന്ദനെ സ്വന്തമാക്കി. ആഭ്യന്തര ലീഗിൽ കളിച്ചു കൊണ്ടിരിക്കെ ഈസ്റ്റ് ആഫ്രിക്കയിൽ നടന്ന പര്യടനത്തിനിടെ കാലിനു പരിക്കേറ്റത് തിരിച്ചടിയായി. ഈ സമയത്താണ് ഇന്ത്യൻ ടീമിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായി ചിദാനന്ദൻ തന്നെ പിന്നീട് ഈ സംഭവം ഓർത്തെടുത്തിട്ടുണ്ട്. നാട്ടിലേക്കു തിരികെയെത്തിയ ശേഷം കോളേജ് പഠനം പുനരാരംഭിച്ചു. ഇതിനു ശേഷമാണ് ആർമിയിൽ ചേർന്നത്. ഉത്തർ പ്രദേശിലെ മൗവ് ഇൻഫന്ററി സ്‌കൂളിൽ നിന്നും കമാൻഡോ കോഴ്‌സു പൂർത്തിയാക്കിയ ഇദ്ദേഹം ആയുധ പരിശീലനത്തിലും ഒന്നാമനായി. 1965ൽ വിശിഷ്ട സേവനത്തിനുള്ള സൈനിക മെഡൽ നേടി. ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചത്.
കായിക ചരിത്രം പരിശോധിച്ചാൽ സന്തോഷ് ട്രോഫി നേടിയിട്ടുണ്ട്. എന്നാൽ ഇതിനു തുടക്കമിട്ടത് 1961ൽ കോഴിക്കോട് നാഷണൽസിൽ മൂന്നാം സ്ഥാനത്തിനുള്ള സമ്പങ്കി ട്രോഫി നേടിയതാണ്. ആർ. ബാലകൃഷ്ണൻ നയിച്ച ടീമിൽ വൈസ് ക്യാപ്റ്റനായിരുന്നു ചിദാനന്ദൻ. കണ്ണൂരുകാരുടെ പട തന്നെയുണ്ടായിരുന്നു ടീമിൽ. സി. മുസ്തഫ, സി.എം. ചിദാനന്ദൻ, ഒ.കെ. സത്യവാൻ, ശെൽവം ജോർജ്, ശ്യാംസുന്ദർ തുടങ്ങിയവർ. ആദ്യ മത്സരം റെയിൽവേസിനോടായിരുന്നു. മത്സരത്തിൽ ചിദാനന്ദൻ രണ്ട് ഗോളുകൾ നേടി. മറ്റൊരു ഷോട്ട് ക്രോസ് ബാറിൽ തട്ടി പുറത്തേക്കു പോയതിനാൽ ഹാട്രിക് നഷ്ടമായി.
പിന്നീട് എം.ആർ.സി വെല്ലിംഗ്ടണിനു വേണ്ടി കളത്തിലിറങ്ങിയതോടെയാണ് ചിദാനന്ദന്റെ വിശ്വരൂപം കായിക പ്രേമികൾ കണ്ടത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഡ്യുറണ്ട് കപ്പ് മൂന്നു തവണ നേടിയ വെല്ലിംഗ്ടൺ മദ്രാസ് റജിമെന്റൽ സെന്റർ എന്ന എം.ആർ.സിക്കു വേണ്ടി ചിദാനന്ദൻ പടയോട്ടം തുടങ്ങി. കളിച്ച മത്സരങ്ങളിലെല്ലാം വിജയം. ഡെറാഡൂൺ ട്രോഫിയും പട്‌ന സ്വർണകപ്പുമെല്ലാം ടീം സ്വന്തമാക്കി. എം.ആർ.സിക്കു നാഗ്ജി കിരീടം നേടിക്കൊടുത്ത ആദ്യ മലയാളി നായകൻ കൂടിയായിരുന്നു ചിദാനന്ദൻ. എം.ആർ.സി ചിദാനന്ദൻ എന്നായിരുന്നു അക്കാലത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
കളി ജയിക്കാൻ എന്തും ചെയ്യുന്ന കാലത്ത് കളിക്കളത്തിലും പുറത്തും മാന്യത പുലർത്തിയ കളിക്കാരനായിരുന്നു ചിദാനന്ദൻ. നാഗ്ജി ടൂർണമെന്റിലെ ഒരു മത്സരത്തിൽ എം.ആർ.സിക്ക് അനുകൂലമായ ഒരു പെനാൾട്ടി ലഭിച്ചു. അർഹിക്കാതെ ലഭിച്ച പെനാൽട്ടിയായിരുന്നു ഇത്. കിക്കെടുക്കാനൊരുങ്ങിയ അരുൾ ദാസിനോട് പന്തു പുറത്തേക്കടിച്ചു കളയാനായിരുന്നു ക്യാപ്റ്റൻ ചിദാനന്ദന്റെ നിർദ്ദേശം. ഈ മത്സരം സമനിലയിലാണ് കലാശിച്ചത്. ഇതേക്കുറിച്ച് 'ഒരു പട്ടാള ഉത്തരവിന്റെ കഥ'യെന്നാണ് പിറ്റേന്നത്തെ പത്രങ്ങൾ എഴുതിയത്.
ചിദാനന്ദന്റെ സഹോദരങ്ങളും കായികലോകമറിയുന്ന താരങ്ങളാണ്. സന്തോഷ് ട്രോഫി മുൻ താരം സി.എം. തീർഥാനന്ദൻ, രഞ്ജി ക്രിക്കറ്റ് താരം സി.എം. അശോക് ശേഖർ എന്നിവർ. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ പഠിക്കുമ്പോൾ കോളേജിനു ഇന്റർ കൊളീജിയേറ്റ് പട്ടം നേടിക്കൊടുക്കുന്നതിൽ ചിദാനന്ദനൊപ്പം തീർഥാനന്ദനുമുണ്ടായിരുന്നു.
സൈനിക സേവനത്തിൽനിന്നു വിരമിച്ച ശേഷം ഏറെകാലം ഗൾഫിൽ ജോലി ചെയ്ത ഇദ്ദേഹം നാട്ടിൽ തിരികെയെത്തി ചെന്നൈയിൽ സ്ഥിര താമസമാക്കി. ഏതാനും വർഷങ്ങളായി മകൾക്കൊപ്പം അമേരിക്കയിലായിരുന്നു.
എങ്കിലും ഇടക്കിടെ അദ്ദേഹം കണ്ണൂരിലെത്തുമായിരുന്നു. കണ്ണൂർ ഫുട്‌ബോളിന്റെ പെരുമ തിരിച്ചുപിടിക്കുന്നതിനുള്ള പുതിയ പ്രൊജക്ടുമായി ഏതാനും മാസം മുമ്പാണ് അദ്ദേഹം കണ്ണൂരിലെത്തി മടങ്ങിയത്. കണ്ണൂർ ജില്ലയിൽ ഒരു പ്രൊഫഷണൽ ഫുട്‌ബോൾ ടീം എന്നതായിരുന്നു ചിദാനന്ദന്റെ സ്വപ്‌നം. ഈ സ്വപ്‌നം ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞതും.






