പ്രവാസ ലോകത്തിന് കറുത്ത ദിനം, കോവിഡിന് കീഴടങ്ങി നിരവധി മലയാളികള്‍

മജീദ്, ആനി മാത്യു, അശ്‌റഫ്, നിതാവുദ്ദീന്‍, രേണുക, സൈതലവി, ശശികുമാര്‍, വിപിന്‍.

ദുബായ്- വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ നിരവധി മലയാളികള്‍ കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇത്രയധികം പേര്‍ അടുത്തടുത്ത ദിവസങ്ങളില്‍ മരിക്കുന്നത് ഇതാദ്യമായാണ്. യു.എ.ഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് മരണങ്ങള്‍.

രണ്ടു ദിവസത്തിനിടെ ആറ് മലയാളികളാണ് കുവൈത്തില്‍ കോവിഡ് മൂലം മരിച്ചത്. മലപ്പുറം വെളിമുക്ക് സ്വദേശി സൈതലവി മണക്കാടന്‍ (56) കുവൈത്തിലാണ് മരിച്ചത്. പച്ചക്കറി മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. ജാബര്‍ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ ആയിശ. മക്കള്‍ സലീന, ഹസീന, ഷാഹിദ, ഷാഹിദ്, അന്‍സാര്‍.

തിരുവല്ല മഞ്ചാട് പാറക്കമണ്ണില്‍ ആനി മാത്യുവും (45) കുവൈത്തിലാണ് മരിച്ചത്. ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നഴ്‌സായിരുന്നു. ഫെബ്രുവരി 28 നാണ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. രക്തബാങ്കിലായിരുന്നു ജോലി. ഭര്‍ത്താവ് മാത്യു. മക്കള്‍ നിബിന്‍. ഡോ. നിമ്മി, നിഥിന്‍.

കണ്ണൂര്‍ പാനൂര്‍, കൂരാറ അശ്‌റഫ് എരഞ്ഞൂല്‍ (51) കുവൈത്തിലാണ് മരിച്ചത്. മുബാറകിയയില്‍ റസ്റ്റോറന്റ് നടത്തുകയായിരുന്നു. ഭാര്യ റഹ്മത്ത്. മക്കള്‍ അജ്മല്‍ (കുവൈത്ത്) അനസ്, റന.

കൊല്ലം അഞ്ചല്‍ ഏരൂര്‍ നടക്കുന്നംപുറം അശ്വതി ഭവനില്‍ രേണുക തങ്കമണി (ബിജി-47) യും കോവിഡ് ബാധിച്ചാണ് മരിച്ചത്. മക്കള്‍ അശ്വതി, അഖില്‍ (ഇരുവരും കുവൈത്തില്‍). മരുമകന്‍- സൂരജ് അബ്ദുല്‍ സലാം.

കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി അക്കാളത്ത് അബ്ദുല്‍ ഗഫൂര്‍ (32), തിരുവനന്തപുരം കണ്ണാന്തുറ സ്വദേശിയായ ക്രീസ് ഹൗസില്‍ ആന്റണി തോമസ് (ടോണി 73) എന്നിവര്‍ ബുധനാഴ്ച മരിച്ചിരുന്നു.

കായംകുളം പുള്ളിക്കണക്ക് അനന്തപത്മത്തില്‍ ശശികുമാര്‍ (മണിക്കുട്ടന്‍-47) അബുദാബിയിലാണ് മരിച്ചത്. പെന്റാ ഗ്ലോബ് കമ്പനിയില്‍ സ്‌കഫോള്‍ഡിംഗ് സൂപ്പര്‍വൈസറായിരുന്നു. റുവൈസിലെ ഗയാതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗോപാലകൃഷ്ണപിള്ള-ലീലാവതിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ പാര്‍വതി, മക്കള്‍ അനന്തപദ്മനാഭന്‍, അനന്ത ലക്ഷ്മി.

ദുബായില്‍ ആറ്റിങ്ങല്‍ വാളക്കാട് സ്വദേശി നിയാസ് മന്‍സിലില്‍ നിതാവുദ്ദീനും (55) കോവിഡിന് മുന്നില്‍ കീഴടങ്ങി. ദുബായ് ദെയ്‌റ ജ്യൂസ് കടയിലെജീവനക്കാരനായിരുന്നു. ഷാഹുല്‍ ഹമീദിന്റേയും ഐഷാബീവിയുടേയും മകനാണ്. ഭാര്യ നദീറ ബീവി. മക്കള്‍ നിഹാസ്, നിഷാദ്, നിസാര്‍.

നാദാപുരം വാണിമേല്‍ പുതുക്കയം കുനിയില്‍ മജീദും (47) ദുബായിലാണ് മരിച്ചത്. മൊയ്തു-കദിയ ദമ്പതികളുടെ മകന്‍. ഭാര്യ റംല, മക്കള്‍- റജിനാസ്, മുഹമ്മദ്. ഖബറടക്കം യു.എ.ഇയില്‍.

ഒമാനിലും കോവിഡ് 19 ബാധിച്ച് ഒരു മലയാളി മരിച്ചു. എറാണുകളം സ്വദേശി വിബിന്‍ സേവിയര്‍ (31) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു മരണം. ഇതോടെ ഒമാനില്‍ കോവിഡ് മരണം 18 ആയി. നേരത്തെ കോട്ടയം സ്വദേശി മലയാളി ഡോക്ടര്‍ ഉള്‍പ്പടെ 11 വിദേശികളും ആറ് സ്വദേശികളും മരിച്ചിരുന്നു. ഭാര്യ: അമല വിബിന്‍. ഒമാനില്‍ ബര്‍കയിലായിരുന്നു താമസം.

കോവിഡ് മൂലം ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം എണ്‍പതോളമായിട്ടുണ്ട്.

കോവിഡ് ബാധിതരെ കൂടാതെ രണ്ടു ദിവസത്തിനിടെ കുവൈത്തില്‍ മറ്റ് നാല് മലയാളികള്‍കൂടി മരിച്ചു. കുവൈത്തില്‍നിന്ന് ബുധനാഴ്ച എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ച നാട്ടില്‍ പോയ മാണിക്കോത്ത് പടിഞ്ഞാര്‍ അബ്ദുല്ല (65) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. അവധിക്ക് നാട്ടില്‍ പോയ കാസര്‍കോട് കൂളിയങ്കാല്‍ സ്വദേശിയും ഐ.എം.സി.സി കുവൈത്ത് സെക്രട്ടറിയുമായ ബി.സി അഷ്‌റഫും നാട്ടില്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍, ഇരട്ടച്ചിറ, രത്‌നാഭവനില്‍ സുരേഷ് ബാബു (60) കുവൈത്തില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. വ്യാഴാഴ്ച അബ്ബാസിയയില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് ബാലുശ്ശേരി കുരുവങ്ങില്‍ ജഅഫറിന്റെയും (43) മരണ കാരണം ഹൃദയാഘാതമാണെന്നാണ് നിഗമനം.

 

 

Latest News