Sorry, you need to enable JavaScript to visit this website.

ബാറുകളിലെ ചില്ലറ വിൽപന;കോവിഡ് കാലത്തെ തീവെട്ടിക്കൊള്ള-ചെന്നിത്തല

തിരുവനന്തപുരം-സംസ്ഥാനത്തെ സ്വാകാര്യമേഖലയിലുള്ള 598 ബാറുകളിലും, 357 ബിയർ  ആന്റ് വൈൻ പാർലറുകളിലും  മദ്യത്തിന്റെ ചില്ലറ വിൽപ്പന ആരംഭിക്കാൻ തീരുമാനിച്ചത് കോവിഡിന്റെ മറവിൽ നടക്കുന്ന തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന് പണസമ്പാദനത്തിന് വേണ്ടിയുള്ള അഴിമതി നടപടിയാണിത്. 2002 ൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന അവസാനിപ്പിക്കുകയാണുണ്ടായത്. മദ്യവിപണനത്തിന്റെ പൂർണ്ണ നിയന്ത്രണം  അന്ന് സർക്കാർ ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ കോവിഡിന്റെ മറവിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന കൗശലപൂർവ്വം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
സ്വകാര്യമേഖലക്ക് ചില്ലറ മദ്യവിപ്പന തിറെഴുതിക്കൊടുക്കുന്ന നയവ്യതിയാനം സമൂഹത്തിൽ അതീവ ഗുരുതരമായ പ്രശ്‌നങ്ങളാണ്  ഉണ്ടാക്കാൻ പോകുന്നത്. 1984 ഫെബ്രുവരി 23 നാണ്  സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ നിലവിൽ വന്നത്. അതിന് മുമ്പ് കേരളത്തിൽ മദ്യക്കച്ചവടം സ്വകാര്യമേഖലയിലായിരുന്നു. അതിന്റെ ഫലമായി കേരളത്തിൽ അടിക്കടി മദ്യദുരന്തങ്ങളുണ്ടായി. ആ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് ഏറ്റെടുക്കാൻ തിരുമാനിച്ചത്. അന്ന് പതിനാല് ജില്ലകളിൽ പതിനാല് ഔട്ട്ലറ്റുകളാണ് ആരംഭിച്ചത്.  
അതോടൊപ്പം സ്വകാര്യമേഖലയിലെ ചില്ലറ  വിൽപ്പന 2002വരെ തുടർന്നു. അന്ന് ഒരു ചില്ലറ   വിൽപ്പന ശാല അമ്പത് ലക്ഷം മുതൽ ഒരു കോടി വരെ രൂപക്കായിരുന്നു ലേലത്തിൽ പോയിരുന്നത്.  അതനുസരിച്ച്  ഇത്രയും വർഷങ്ങൾക്ക് ശേഷം ചില്ലറ വിൽപ്പന ശാലകൾ ലേലം ചെയ്താൽ മൂന്ന് കോടി മുതൽ അഞ്ച് കോടി വരെ കിട്ടാനുള്ള സാധ്യത ഉണ്ട്. അതാണ് സൗജന്യമായി ബാറുടമകൾക്ക് നൽകിയിരിക്കുന്നത്.
രണ്ടായിരത്തിരണ്ടിലാണ്  സ്വകാര്യ മേഖലയിൽ നിന്ന് പൂർണ്ണമായും  സർക്കാർ ചില്ലറ വിൽപ്പന ശാലകൾ ഏറ്റെടുത്തത്.  ഇപ്പോൾ ബിവറേജസ് കോർപ്പറേഷൻ ഒരു ഔട്ട് ലെറ്റ് തുടങ്ങണമെങ്കിൽ നാല് ലക്ഷം രൂപ ലൈസൻസ് ഫീസ് അടക്കണം.  എന്നാൽ  ഇപ്പോൾ തുടങ്ങാൻ പോകുന്ന ബാറുകളിലെ ചില്ലറ മദ്യവിൽപ്പനശാലക്ക്  ഒരു പൈസയും അടക്കേണ്ടതില്ല. ഇത് ഒരു വൻഅഴിമതിയാണ്.
മെയ് ഒന്നിന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ  നിർദേശത്തിൽ തന്നെ ബാറുകളും  മദ്യശാലകളും തുറക്കാൻ അനുമതി നൽകിയിരുന്നു.  അന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് മദ്യശാലകൾ തുറക്കേണ്ടെന്നാണ്  തിരുമാനിച്ചത്.  കോവിഡ് ബാധ ഉണ്ടായ ശേഷം ഒരു ഘട്ടത്തിലും  സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഒരു നിർദേശവും സർക്കാരിന്  കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ഏന്നാൽ ഈ കാര്യത്തിൽ ചർച്ച നടത്തി സർക്കാരിനോട്   മദ്യശാലകൾ തുറക്കരുത് എന്ന് നിർദ്ദേശിച്ചു. 
നമ്മൾ വിചാരിച്ചു മദ്യത്തോടുള്ള എതിർപ്പ് കൊണ്ടായിരിക്കും അതെന്നാണ്. പക്ഷേ അണിയറയിൽ  ബാറുമുതലാളിമാരുമായി ചർച്ചകൾ നടക്കുന്നതിനാൽ അതിന് സാവകാശം കിട്ടാൻ വേണ്ടിയാണ് സെക്രട്ടേറിയറ്റ്  ഈ തിരുമാനമെടുത്തതെന്ന് പിന്നീട്  മന്ത്രിസഭാ തീരുമാനം വന്നപ്പോഴാണ്  മനസിലായത്.
ക്യു നിൽക്കാതെ  ബാറുകളിലേക്ക് ഫോണിൽ വിളിച്ചു പറഞ്ഞാൽ വീട്ടിൽ മദ്യം കിട്ടും.  ഓൺലൈനിൽ ബൂക്ക്  ചെയ്താൽ വീട്ടിൽ  മദ്യം കിട്ടും. പിന്നെ ആരാണ് ബിവറേജസ് കോർപ്പറേഷനിലേക്ക് മദ്യം വാങ്ങാനായി ക്യൂ നിൽക്കാൻ പോകുന്നത്.  ബിവറേജസ് ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് ബാറുകളിലും കിട്ടുന്നത്. ഇന്ന് കേരളത്തിൽ 301 ബിവറേജസ് ഔട്ട് ലെറ്റുകളാണ് നിലവിലുള്ളത്.  അതെല്ലാം കാലക്രമേണ അടച്ച് പൂട്ടും.
2018-19 ൽ  ബിവറേജസിന്റെ വരുമാനം 12400 കോടി രൂപയാണ്. ഇന്നലത്തെ മന്ത്രിസഭാ തിരുമാനത്തോടെ അത് ഗണ്യമായി കുറയാൻ  പോവുകയാണ്. ബാറുകാരുമായി സി.പി.എം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഈ തിരുമാനം.  ഇതിൽ മറ്റൊരു ആശങ്ക കൂടിയുണ്ട്. സെക്കന്റ്‌സ് എന്ന് പറയുന്ന വ്യാജ മദ്യം ഒഴുകാനുള്ള സാധ്യതയും ഉണ്ട്. കേരളത്തിലെ മൊത്തം ബാറുകളുടെ എണ്ണം 598 ആണ്. ബിയർ ആന്റ് വൈൻ പാർലറുകൾ  357.  ആകെ 955 എണ്ണം.സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകൾ 265, കൺസ്യുമർ ഫെഡ്ഡിന്റെ ഔട്ട് ലെറ്റുകൾ 36. ആകെ ഔട്ട് ലെറ്റുകൾ 301. ഈ 301 ഔട്ട് ലെറ്റുകളോടൊപ്പം ബാറുകളുടെ 955 ഔട്ട് ലെറ്റുകൾ കൂടെ പുതുതായി വരികയാണ്.  അതിന്റെ അർത്ഥം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള  ഔട്ട്‌ലെറ്റുകളുടെ മൂന്നിരിട്ടി  സ്വകാര്യ ഔട്ട്‌ലെറ്റുകൾ കേരളത്തിൽ വരാൻ പോകുന്നു എന്നാണ്.  കഴിഞ്ഞ ഒരോ ദുരന്തകാലത്തും  ഇത്തരം കള്ളക്കച്ചവടത്തിലാണ് സർക്കാരിന് താൽപര്യം. പ്രളയകാലത്താണ്  ബ്രുവറികളും ഡിസ്റ്റലറികളും  തുടങ്ങാൻ  തിരുമാനിച്ചത്. അന്ന് പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ മൂലം പിൻവാങ്ങേണ്ടി വന്നു.  ഇപ്പോൾ കോവിഡ് 19ന്റെ മറവിലാണ് കേരളത്തിലെ ചില്ലറ മദ്യവ്യാപാരം പൂർണ്ണമായും  സ്വകാര്യ വൽക്കരിക്കാനുള്ള നീക്കവുമായി വന്നിരിക്കുന്നത്.  ഇത് അടിയന്തിരമായി പിൻവലിക്കണം.  കേരളത്തിന്റെ പൊതുതാൽപര്യത്തിന് വിരുദ്ധമായ  നടപടിയാണിത്. ബിവറേജസ് കോർപ്പറേഷന്റെ അന്ത്യം കുറിക്കുന്ന നടപടിയാണ്.  ബിവറേജസ് കോർപ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മീഷൻ സർക്കാരിനാണ് ലഭിക്കുന്നതെങ്കിൽ ബാറുടമകൾക്ക് ലഭിക്കുന്ന 15ശതമാനം കമ്മീഷൻ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് പോകുക. 

Latest News