തൃക്കരിപ്പൂരിന്റെ മുത്ത് 

ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ഹെങ്ബാർട്ട്, സി.കെ. വിനീത് തുടങ്ങിയ സഹതാരങ്ങൾക്കൊപ്പം.
ബ്ലാസ്റ്റേഴ്‌സ് ഉടമ സചിൻ ടെണ്ടുൽക്കർക്കൊപ്പം റാഫി

എതിരാളികളുടെ ഗോൾവലയിലേക്ക് അസ്ത്രവേഗത്തിൽ പന്ത് തൊടുക്കുന്നത് കാലുകൊണ്ടാകാം അല്ലെങ്കിൽ തല കൊണ്ടാകാം, രണ്ടായാലും ഫുട്‌ബോൾ കൊണ്ടുള്ള ഇന്ദ്രജാല പ്രകടനത്തിലൂടെ സ്റ്റേഡിയത്തിലെ തിളച്ചുമറിയുന്ന കാണികളുടെ ആവേശമാണ് മുഹമ്മദ് റാഫി. കാൽപന്തുകളിയെ എന്നുമെന്നും നെഞ്ചേറ്റുന്ന തൃക്കരിപ്പൂരിന്റെ മുത്ത്. ഐ.എസ്.എൽ കലാശപ്പോരാട്ടത്തിൽ കൊൽക്കത്തയുടെ ഗോൾവലയിലേക്ക് തല കൊണ്ട് നിറയൊഴിച്ച കേരളത്തിന്റെ സ്വന്തം 'ഹെഡ്മാസ്റ്റർ'... 
കുട്ടിയായിരിക്കെ വീടിനും സ്‌കൂളിനും അടുത്തുള്ള ചെറുതും വലുതുമായ ക്ലബുകളിൽ പന്ത് തട്ടി നടന്ന ബാലൻ, ഇന്ന് ഇന്ത്യയറിയുന്ന ഫുട്‌ബോൾ താരമായി മാറിയത് നാട്ടുകാരുടെ മുഴുവൻ ആവേശവും പ്രോൽസാഹനവും ഏറ്റുവാങ്ങിയാണ്. തന്നെ പന്തുതട്ടാൻ പഠിപ്പിച്ച കായികാധ്യാപകൻ എ. രാമകൃഷ്ണൻ മാഷെയും ഫാൽക്കൺ ക്ലബിനെയും മുഹമ്മദ് റാഫി ഒരിക്കലും മറക്കില്ല. അഞ്ചു വർഷത്തോളം രാമകൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണത്തിലായിരുന്നു റാഫി കളി പഠിച്ചത്. പരിശീലന ഘട്ടത്തിലെ അനുസരണ ശീലവും ലാളിത്യവും ശരീരത്തിന്റെ മെയ്‌വഴക്കവും തന്നെയാണ് റാഫിയെ ഒരു മികച്ച ഫുട്‌ബോളർ ആക്കിമാറ്റിയതെന്ന് ഗുരുനാഥന്റെ സാക്ഷ്യപത്രം.
തൃക്കരിപ്പൂരിലെ ആക്മിയും കാരോളത്തെ ബ്ലാസ്റ്റയും ഹിറ്റാച്ചിയുമെല്ലാം റാഫി നെഞ്ചോട് ചേർക്കുകയാണ്. റാഫിയും സുഹൃത്തുക്കളും വലിയ കളിക്കാരനാകാമെന്ന വിചാരത്തിൽ പന്തുതട്ടാൻ തുടങ്ങിയതല്ല. സെവൻസ് കളിച്ച് കൈയിൽ പത്ത് കാശ് കിട്ടണമെന്നതിൽ കവിഞ്ഞ മോഹങ്ങളൊന്നും അന്ന് മനസ്സിലില്ലായിരുന്നു. അവസരം വന്നാൽ തന്നെ പോകാൻ മടിക്കുന്ന കാലത്താണ് സുഹൃത്തുക്കളുടെ പ്രേരണയാൽ റാഫി എസ്.ബി.ടിയിൽ എത്തുന്നത്. ഒരു പ്രൊഫഷണൽ ഫുട്‌ബോളറായി റാഫി മാറുന്നത് എസ്.ബി.ടിയുടെ മൈതാനത്ത് പന്ത് തട്ടിത്തുടങ്ങിയപ്പോഴാണ്. മൂന്നു വർഷം തുടർച്ചയായി സന്തോഷ് ട്രോഫിയിൽ ജഴ്‌സിയണിയാനും 2003 ലെ ആദ്യ മത്സരത്തിൽ തന്നെ ചാമ്പ്യൻപട്ടം അണിയാനും ഭാഗ്യമുണ്ടായി. അസുഖം കാരണം ദൽഹി സന്തോഷ് ട്രോഫിയിൽ കളിയ്ക്കാൻ കഴിയാതിരുന്ന റാഫിക്ക് പക്ഷെ, 2005 ആയപ്പോഴേക്കും വലിയ അവസരമാണ് തുറന്നുകിട്ടിയത്. ഇന്ത്യൻ താരങ്ങളായ ഐ.എം. വിജയൻ, പ്രദീപ്, നാട്ടുകാരനായ എം. സുരേഷ് എന്നിവരോടൊപ്പം കളിയ്ക്കാനിറങ്ങിയ റാഫിയിലെ പ്രതിഭ തിരിച്ചറിഞ്ഞ് മഹീന്ദ്ര റാഞ്ചിക്കൊണ്ടുപോവുകയായിരുന്നു. തുടർച്ചയായ അഞ്ചു വർഷം മഹീന്ദ്രക്ക് റാഫി ബൂട്ടണിഞ്ഞു. ആദ്യവർഷം തന്നെ  മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട റാഫി മഹാരാഷ്ട്ര ലീഗിൽ 18 ഗോളുകളടിച്ചു. ബെയ്ചുംഗ് ബൂട്ടിയ, സുനിൽ ഛേത്രി എന്നിവരോടൊപ്പം കളിക്കാനും അവസരം ലഭിച്ചു. ലോകപ്രശസ്തരായ ഏതാനും കോച്ചുകളുടെ പരിശീലനം, ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കുടുംബത്തിന്റെയും പ്രിയതമയുടെയും പ്രോത്സാഹനം, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ... റാഫിയുടെ വളർച്ചയിൽ പങ്കുള്ളവർ ഏറെയാണ്.  ഒന്നുമല്ലാത്ത സ്ഥലത്തുനിന്നും എല്ലാവർക്കും വേണ്ടപ്പെട്ടവനായി മാറാൻ കഴിയുക, അതിൽപ്പരം ആഹ്ലാദം മറ്റെന്തുവേണം... റാഫി ചോദിക്കുന്നു.
ഇത്തവണ ഐ.എസ്.എൽ കിരീടം കയ്യെത്തും ദൂരത്ത് നഷ്ടമായെങ്കിലും ബ്ലാസ്റ്റേഴ്‌സിനു കളിച്ചപ്പോഴുള്ള ടീം വർക്ക് മറക്കാനാവാത്ത അനുഭവമാണ് റാഫിക്ക്. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയണിഞ്ഞ റാഫിയും റഫീഖും കഴിഞ്ഞ വർഷം കൊൽക്കത്തയ്ക്ക് വേണ്ടിയാണു ബൂട്ടുകെട്ടിയത്. അടുത്ത സീസണിലേക്ക് മികച്ച ഓഫറുമായി നിരവധി പ്രമുഖ ക്ലബുകൾ റാഫിക്ക് പിന്നാലെയുണ്ട്. ഇതുവരെ ആർക്കും പിടികൊടുക്കാത്ത റാഫിക്ക് ബ്ലാസ്റ്റേഴ്‌സിൽ തുടരണമെന്നുതന്നെയാണ് താൽപര്യം. അതിനുപക്ഷെ ക്ലബ്ബ് മാനേജ്‌മെന്റ് കനിയണം. അവരുടെ നിലപാട് അനുസരിച്ചായിരിക്കും തുടരുന്ന കാര്യം തീരുമാനിക്കുക.

മകന് സമ്മാനമായി ആരാധകരെ ഇളക്കിയ ഹെഡർ 
ഐ.എസ്.എൽ കലാശക്കളിയിൽ കൊൽക്കത്തയുടെ വല കുലുക്കിയ റാഫിയുടെ ഹെഡർ കൊച്ചി സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ മഞ്ഞപ്പടയെ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളി ഫുട്‌ബോൾ ആസ്വാദകരെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. കളിയുടെ 37ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ച സൂപ്പർ ഹെഡർ. മകൻ ഹംദാന് നൽകുന്ന സമ്മാനം എന്നായിരുന്നു ആ ഗോളിനെക്കുറിച്ച് റാഫി പറഞ്ഞത്. 
കളിക്കളത്തിൽ ഇറങ്ങുന്നതിനു മുമ്പ് തന്നെ റാഫി ഇത് തീരുമാനിച്ചിരുന്നു. പുന്നാര മകന് സമ്മാനം നൽകാൻ റാഫിക്ക് അധികം കാത്തുനിൽക്കേണ്ടി വന്നില്ല. പക്ഷെ ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇല്ലാത്തതിനാൽ കിരീട സ്വപ്‌നം കീഴ്‌മേൽ മറിഞ്ഞു. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ കൂടിയായ ഫ്രഞ്ച് താരം ഹെങ്ബാർട്ട് കിക്ക് പുറത്തേക്കടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ചിത്രം മറ്റൊന്നായേനെ. 
തോറ്റെങ്കിലും തൃക്കരിപ്പൂരിലെ ഫുട്‌ബോൾ കുടുംബത്തിൽ ആരവം അടങ്ങുന്നുണ്ടായിരുന്നില്ല. റാഫിയും ബ്ലാസ്റ്റേഴ്‌സും തോറ്റെന്ന് സമ്മതിക്കാൻ പിതാവ് കെ.കെ.പി. അബ്ദുല്ലയും വീട്ടുകാരും തയ്യാറല്ലായിരുന്നു  'രണ്ടു മണിക്കൂർ മൈതാനത്ത് ഒരുപോലെ കളിക്കുന്നത് ചെറിയ കാര്യമാണോ? വിയർപ്പിന് പകരം ചോര പൊടിഞ്ഞാണ് കളിച്ചത്, പിന്നെ തോറ്റത്... അത് ഭാഗ്യക്കേട്...' ഫുട്‌ബോളിനെ എക്കാലവും സ്‌നേഹിക്കുകയും മകന്റെ ഫുട്‌ബോൾ ജീവിതത്തിന് വഴിയൊരുക്കാൻ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തുകയും ചെയ്ത അബ്ദുല്ല പറയുന്നു. കേരളമൊന്നാകെ മകനെ വാഴ്ത്തുമ്പോൾ ഈ പിതാവിന് അഭിമാനവും ആഹ്ലാദവും കൊണ്ട് കണ്ണുനിറയുന്നു. 
ഫുട്‌ബോളിൽ ഉയരങ്ങളിലേക്ക് കുതിച്ച റാഫിയുടെ സ്വപ്‌നസദൃശമായ വളർച്ച ജന്മനാടിന്റെ സ്വകാര്യ ആഹ്ലാദമാണ്. 
ഫുട്‌ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ഫുട്‌ബോളർക്കുള്ള അംഗീകാരം നേടിയതോടെ ദേശീയ ഫുട്‌ബോളിന്റെ അമരത്തെത്തിയിരിക്കുകയാണ് റാഫി. ഐ ലീഗിലെ 14 ടീമുകളിലെ താരങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് റാഫിയെ എഫ്.പി.എ.ഐ മികച്ച ഫുട്‌ബോളർ ആയി തെരഞ്ഞെടുത്തത്. മഹീന്ദ്രക്ക് വേണ്ടി 14 ഗോളുകളടിച്ച് ഐ ലീഗിൽ ടോപ് സ്‌കോററായ റാഫിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ കോച്ച് ബോബ് ഹൂട്ടന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. പരിശീലനത്തിനായി പോർച്ചുഗലിലേക്ക് അയച്ചപ്പോൾ സന്നാഹ മത്സരത്തിൽ നാല് ഗോളടിച്ച് റാഫി തന്റെ കഴിവ് വ്യക്തമാക്കി. 
തൃക്കരിപ്പൂർ ആക്മിയിലൂടെ ഫുട്‌ബോളിലേക്ക് വന്ന റാഫി പിന്നീടു തിരിഞ്ഞുനോക്കിയിട്ടില്ല. 2003 ൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ അവാർഡ് നേടി. ഇതേ വർഷം ഓഗസ്റ്റിലാണ് അസ്‌ലമിനൊപ്പം എസ്.ബി.ടി യിൽ ചേരുന്നത്. ഇടയ്ക്കു ക്ലബ്ബു മാറി മഹീന്ദ്രയിലേക്ക് ചേക്കേറി. ഇതിനിടയിൽ സന്തോഷ് ട്രോഫിക്കായി കേരളത്തിനു ജഴ്‌സിയണിഞ്ഞതിന് ആരോഗ്യ വകുപ്പിൽ ക്ലറിക്കൽ തസ്തികയിൽ ജോലി കിട്ടി. കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസിലായിരുന്നു നിയമനം. അവധിയെടുത്താണ് പിന്നീടുള്ള കളികളെല്ലാം. രാജ്യത്തെ ഏറ്റവും ഉയർന്ന തുകക്കാണ് ചർച്ചിൽ ബ്രദേഴ്‌സുമായി യുവതാരം കരാർ ഒപ്പിട്ടത്. 

കേരളത്തിന് കൊതിച്ചു എത്തിയത് കൊൽക്കത്തയിൽ... 
ഐലീഗിലെ മിന്നുന്ന പ്രകടനമാണ് റാഫിയെ പുതിയ തലത്തിലേക്ക് ഉയർത്തിയത്. ഐ.എസ്.എൽ ആരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന് കളിക്കാനായിരുന്നു റാഫിയുടെ മോഹം. പക്ഷെ 2014ലെ ആദ്യ സീസണിൽ അണിഞ്ഞത് കൊൽക്കത്തയുടെ ജഴ്‌സി. മുംബൈയിൽ നടന്ന ഐ.എസ്.എൽ താര ലേലത്തിൽ സ്പാനിഷ് ക്ലബ്ബിന്റെ ഇന്ത്യയിലെ അസോസിയേറ്റ് ക്ലബ്ബായ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത റാഫിയെ ലേലം കൊള്ളുകയായിരുന്നു. പോർച്ചുഗീസ് മിഡ്ഫീൽഡർ ടിയാഗോ രണ്ടു സീസണിലേക്ക് കരാറൊപ്പിട്ട സ്പാനിഷ് ക്ലബ്ബുമായി സഹകരിച്ചു കളിക്കാൻ കഴിയുന്നതിലുള്ള സന്തോഷവും ഒന്നുവേറെ തന്നെയായിരുന്നു ഈ താരത്തിന്.

സ്‌പെയിനിലെ പരിശീലനം...
ആധുനിക ഫുട്‌ബോളിന്റെ കേളീരംഗമായ സ്‌പെയിനിലെ മഡ്രീഡിൽ ലഭിച്ച പരിശീലനം റാഫിക്ക് മറക്കാനാവാത്ത അനുഭവമാണ്. അവിടെ അത്‌ലെറ്റിക്കോ മഡ്രീഡിന്റെ അത്യാധുനിക പരിശീലന ക്യാമ്പിൽ പങ്കെടുക്കാനും അവർക്കൊപ്പം കളിക്കാനും ഇന്ത്യയിലെ അസോസിയേറ്റ് ക്ലബ്ബായ അത്‌ലെറ്റിക്കോ ഡി കൊൽക്കത്തയുടെ ഇന്ത്യൻ താരങ്ങൾക്ക് അവസരം ലഭിച്ച കൂട്ടത്തിലാണ് റാഫിക്കും ഈ ഭാഗ്യം കൈവന്നത്. ഐ.എസ്.എല്ലിൽ അത്‌ലെറ്റിക്കോ ഡി കൊൽക്കത്തയുടെ താരങ്ങൾക്ക് മാത്രമാണ് വിദേശ പരിശീലനത്തിന് അവസരം ലഭിച്ചത്. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയായിരുന്നു പരിശീലനം. മഹീന്ദ്രയിൽ സഹതാരമായിരുന്ന ബ്രസീലിൽ നിന്നുള്ള ബാരെറ്റോ ആയിരുന്നു കൊൽക്കത്ത ടീമിന്റെ ഉപ പരിശീലകൻ. പ്രധാന പരിശീലകൻ സ്‌പെയിൻ താരവും. ഐ.എസ്.എൽ മൂന്നാം സീസണിൽ തന്റെ ആഗ്രഹം പോലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയണിയാൻ ഭാഗ്യം ലഭിച്ച റാഫി ഫുട്‌ബോളിൽ ഒരു വൃത്തം പൂർത്തിയാക്കുകയാണ്. തൃക്കരിപ്പൂർ ഗവ. ഹൈസ്‌കൂളിൽനിന്ന് തുടങ്ങിയ റാഫിയുടെ ഫുട്‌ബോൾ ജീവതം, ഇന്ത്യയും ലോകവും കറങ്ങിയശേഷം വീണ്ടും കേരളത്തിൽ തിരിച്ചെത്തുന്നു. തൃക്കരിപ്പൂർ ആക്മി, എസ്.ബി.ടി, സന്തോഷ് ട്രോഫി, മഹീന്ദ്ര, ഗോവ ചർച്ചിൽ, മുംബൈ എഫ്.സി. അത്‌ലറ്റിക്കോ കൊൽക്കത്ത എന്നിങ്ങനെ കറങ്ങി വീണ്ടും കേരള മണ്ണിൽ.  ഫുട്‌ബോളിനെ നെഞ്ചേറ്റുന്നതാണ് റാഫിയുടെ നാടും കുടുംബവും. ഇരട്ട സഹോദരങ്ങളായ മുഹമ്മദ് റാസി കെ.എസ്.ഇ.ബിയിലും മുഹമ്മദ് ഷാഫി എയർ ഇന്ത്യയിലും കളിക്കുന്നു. മാതാവ്- എം. സുബൈദ. ഭാര്യ- ആയിഷാ ശിഫാന. ഏക മകൻ- ഹംദാൻ.

Latest News