കാളക്ക് പകരം നുകം തോളിലേറ്റി യുവാവ്, ഗർഭിണിയായ ഭാര്യയെ ഉന്തുവണ്ടിയിൽ കയറ്റി 700 കിലോമീറ്റർ, ലോക്ഡൗൺ ദുരിതകാഴ്ച്ചകൾ തീരുന്നില്ല

ഭോപാൽ- ലോക്ഡൗണിനെ തുടർന്ന് ഹൈദരാബാദിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളി സ്വന്തം സംസ്ഥാനത്തേക്ക് പോകാൻ വാഹനം ലഭിക്കാത്തിനെ തുടർന്ന് ഗർഭിണിയായ ഭാര്യയെയും കുഞ്ഞിനെയും സ്വയം നിർമ്മിച്ച ഉന്തുവന്തിയിലിരുത്തി കൊണ്ടുപോയി. മധ്യപ്രദേശിലെ രാമു എന്ന തൊഴിലാളിയാണ് തന്റെ ധൻവന്തയെയും മകൾ അനുരാഗിണിയെയും മരം കൊണ്ടുണ്ടാക്കിയ വണ്ടിയിൽ ഇരുത്തി 700 കിലോമീറ്ററോളം ദൂരം താണ്ടിയത്. ചൊവ്വാഴ്ചയാണ് ഇവർ സ്വന്തം ഗ്രാമമായ ബാലാഘട്ടിൽ എത്തിയത്. തുടക്കത്തിൽ മകളെയും തോളിലേറ്റി നടക്കാനായിരുന്നു രാമു പദ്ധതിയിട്ടത്. കുറച്ചുദൂരം നടന്നപ്പോൾ തന്നെ നടത്തം പ്രയാസമാകുമെന്ന് ഉറപ്പായി. തുടർന്ന് വടിയും പലകയും ഉപയോഗിച്ച് ഉന്തുവണ്ടിയുണ്ടാക്കുകയായിരുന്നു. ഇതിൽ ഭാര്യയെയും മകളെയും ഇരുത്തി 700 കിലോമീറ്റർ ദൂരം രാമു വലിച്ചുകൊണ്ടുപോയി സ്വന്തം ഗ്രാമത്തിലെത്തി. മഹാരാഷ്ട്ര വഴിയാണ് ഇവർ എത്തിയത്. പതിനാലു ദിവസത്തെ ഹോം ക്വാറന്റൈനിലാണ് രാമുവും കുടുംബവും.

ഇതിന് പുറമെ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായി. കാളവണ്ടിയിൽ തന്റെ സഹോദരനെയും ഭാര്യാമാതാവിനെയും ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യമാണിത്. ഇതിൽ ഒരു കാള മാത്രമാണുള്ളത്. മറുഭാഗത്ത് നുകം തോളിലേറ്റി നടന്നുനീങ്ങുന്നത് യുവാവാണ്. 25 കിലോമീറ്റർ ദൂരമാണ് യുവാവ് ഇത്തരത്തിൽ കാളവണ്ടിയുമായി യാത്ര ചെയ്തത്.
 

Latest News