കുവൈത്തിൽ ഐസൊലേഷൻ  കേന്ദ്രങ്ങളാക്കിയ സ്‌കൂളുകളിലെ  സാധനസാമഗ്രികൾ നശിപ്പിക്കപ്പെട്ടു

കുവൈത്ത്‌സിറ്റി- കോവിഡ് 19 വ്യാപനം തടയാൻ രോഗലക്ഷണങ്ങളുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതിന് മന്ത്രാലയം ഐസൊലേഷൻ കേന്ദ്രങ്ങളായി ഉപയോഗിച്ചിരുന്ന സ്‌കൂളുകളിൽ സാധനസാമഗ്രികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതായി പരാതി. അധ്യാപക സഹായികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സംഗീതോപകരണങ്ങൾ, റേഡിയോ സ്റ്റേഷൻ, ട്യൂണിംഗ് തിയേറ്റർ തുടങ്ങിയവയാണ് നശിപ്പിച്ചിരുന്നത്. ഐസൊലേഷൻ കേന്ദ്രങ്ങളിൽ സന്നദ്ധ സേവനത്തിന് എത്തിയ വളണ്ടിയർമാർ അധ്യാപകരുടെ വ്യക്തിഗത വസ്തുക്കൾ കയ്യടക്കിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. 
അനധികൃത താമസക്കാരായ വിദേശികൾ സ്‌കൂളുകളിലെ സാധനസാമഗ്രികൾ നശിപ്പിക്കുന്നതിന്റെ വീഡിയോ ക്ലിപ്പിംഗുകളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൂടാതെ, സ്‌കൂൾ ജീവനക്കാരെ അക്രമികൾ തടയുകയും അവഹേളിക്കുന്നതും ക്ലിപ്പിംഗുകളിൽ വ്യക്തമാണ്. പുരുഷ-വനിതാ അധ്യാപകരുടെ റൂമുകളിൽ  അതിക്രമിച്ച് കയറി അവരുടെ സാധനങ്ങൾ ഉപയോഗിക്കുന്നതിന്റെ വീഡിയോ കുവൈത്തി വളണ്ടിയർമാർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 


ഇതേതുടർന്ന്, നിരവധി വിദ്യാഭ്യാസ പ്രവർത്തകർ അധ്യാപകരുടെ കമ്പ്യൂട്ടറുകളും പ്രോജക്റ്ററുകളും മറ്റും ഉപയോഗിക്കുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഉപകരണങ്ങൾ നശിക്കാനോ നഷ്ടപ്പെടാനോ ഇതു കാരണമാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഐസൊലേഷൻ കേന്ദ്രങ്ങളായി വിട്ടുനൽകുന്നതിന് മുമ്പ് സ്‌കൂളിലെ സാധന സാമഗ്രികളുടെ സ്റ്റോക്ക് എടുക്കാൻ മന്ത്രാലയം തയാറായില്ലെന്ന് കുറ്റപ്പെടുത്തിയ വിദ്യാഭ്യാസ പ്രവർത്തകർ അധ്യാപകർക്ക് ആരാണ് നഷ്ടപരിഹാരം നൽകുകയെന്നും ചോദിച്ചു. കേടുപാട് സംഭവിച്ച സ്‌കൂളുകളിൽ അറ്റകുറ്റപ്പണി നടത്താനുള്ള ഉത്തരവാദിത്വം ആർക്കാണെന്നും അറിയേണ്ടതുണ്ട്. പോലീസും സെക്യൂരിറ്റി ഗാർഡുകളും കൃത്യവിലോപം നടത്തിയെന്നും അവർ ആരോപിച്ചു. 
അതേസമയം, ഐസൊലേഷൻ കേന്ദ്രങ്ങളായി സ്‌കൂളുകൾ ഉപയോഗിച്ച മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും സ്‌കൂളുകളിലെ കേടുപാട് തീർക്കാൻ ബാധ്യസ്ഥരാണെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായ ഫൈസൽ അൽമഖാസിദ് വ്യക്തമാക്കി. സ്‌കൂളുകളിലെ ഉപകരണങ്ങൾ നശിപ്പിക്കപ്പെട്ടത് ദൗർഭാഗ്യകരവും അസ്വീകാര്യവുമാണ്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.  

 

Latest News