അബുദാബി- സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തുന്നത് തുടരുമെന്ന് യു.എ.ഇ വ്യക്തമാക്കി. യു.എ.ഇയിലെ എല്ലാ ആരോഗ്യ വിഭാഗവും പരിശോധിച്ച് അനുമതി നല്‍കിയതാണ് റാപ്പിഡ് ടെസ്‌റ്റെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പരിശോധനയിലെ കൃത്യത കുറവിനെ തുടര്‍ന്ന് റാപ്പിഡ് വൈറല്‍ ടെസ്റ്റ് നടത്തുന്നത് ദുബായ് ആരോഗ്യ അതോറിറ്റി നിര്‍ത്തലാക്കിയിരുന്നു. 30 ശതമാനം മാത്രമാണ് ഇവ വിശ്വാസയോഗ്യം എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റാപ്പിഡ് വൈറല്‍ ടെസ്റ്റ് ഡി.എച്ച്.എ വിലക്കിയത്.
ഇവ ഉപയോഗിക്കരുത് എന്ന് കാണിച്ച് സ്വകാര്യ ആശുപത്രികള്‍ ഔട്ട്‌പേഷ്യന്റ് കെയര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഡി.എച്ച്.എ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. എന്നാല്‍ മടക്കയാത്രക്ക് വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്താം എന്നാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും പറയുന്നത്.






