ന്യൂദല്‍ഹി- ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിന്‍ പുറപ്പെട്ടു. ഇന്ന് രാവിലെ 11.25 നാണ് ദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ വെള്ളിയാഴ്ച രാവിലെ അഞ്ചരമണിയോടെ തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും.
കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചാണ് ട്രെയിനില്‍ യാത്രക്കാരെ കയറ്റിയത്. കോഴിക്കോട്ടും, എറണാകുളത്തും മാത്രമാണ് ട്രെയിനിന് കേരളത്തില്‍ സ്റ്റോപ്പുള്ളത്. ചികില്‍സക്കായി വന്ന് ദല്‍ഹിയില്‍ കുടുങ്ങിപ്പോയവരും ഗര്‍ഭിണികളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാരുണ്ട്.ട്രെയിനിനകത്ത് ഭക്ഷണവിതരണം ഇല്ലെന്നതിനാല്‍ മൂന്നുദിവസത്തേക്കാവശ്യമായ ഭക്ഷണവും വെള്ളവും കൈയില്‍ കരുതിയാണ് ആളുകള്‍ യാത്രക്കായെത്തിയത്.
റെയില്‍വേ സ്റ്റേഷന് അരകിലോമീറ്റര്‍ അകലെ യാത്രക്കാരെത്തിയ വാഹനങ്ങള്‍ തടഞ്ഞിരുന്നു. മാസ്കും സാനിറ്റൈസറുമുള്ള യാത്രക്കാരെ മാത്രമാണ് സ്റ്റേഷനകത്തേക്ക് കയറാന്‍ അനുവദിച്ചത്.
ട്രെയിനില്‍ കയറുന്നതിനു മുമ്പ് ആരോഗ്യപരിശോധനകളില്ലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാത്രി 7.45 ന് ഇതേ ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് ദല്‍ഹിയിലേക്ക് തിരിക്കും. ആഴ്ചയില്‍ മൂന്നുദിവസമാണ് ദല്‍ഹി- കേരള സര്‍വീസ്.
ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗരേഖ കര്‍ശനമായി നടപ്പാക്കിയാണ് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങിയിരിക്കുന്നത്. രോഗലക്ഷണമില്ലാത്തവരെ മാത്രമെ യാത്രയ്ക്ക് അനുവദിക്കൂ. ഏത് സംസ്ഥാനത്തേക്കാണോ പോവുന്നത് അവിടുത്തെ ആരോഗ്യപ്രോട്ടോക്കോള്‍ എല്ലാവരും അനുസരിക്കണം.






