വ്യാജ പ്രൊഫൈല്‍, നിയമ നടപടിയ്‌ക്കൊരുങ്ങി മീര നന്ദന്‍

കൊച്ചി-തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി സന്ദേശങ്ങള്‍ അയച്ച ആള്‍ക്കെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുകയാണെന്ന് നടി മീര നന്ദന്‍. തന്റെ മെസേജുകളാണ് എന്ന് പറഞ്ഞ് ഫോട്ടോഗ്രാഫര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ വിപിന്‍ വിശ്വംഭരന്‍ എന്ന ഒരാള്‍ തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌ക്രീന്‍ ഷോട്ടുകള്‍ അയക്കുന്നുവെന്നും ഇയാളെ തനിക്ക് അറിയുക പോലുമില്ലെന്നും മീര ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി.
താനയച്ചതാണെന്നും പറഞ്ഞ് തന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും മീര പങ്കുവച്ചു. മീരയടക്കം ഫോട്ടോയെടുത്തു തരാന്‍ ആവശ്യപ്പെട്ട് തന്റെ പുറകേ നടക്കുന്നുവെന്നാണ് അതിലുള്ളത്. ഫേസ്ബുക്കില്‍ സജീവമല്ലാത്ത തനിക്ക് വെരിഫൈഡ് പേജാണുള്ളതെന്നും അത്തരമൊരു പേജില്‍ നിന്ന് സന്ദേശം വന്നാല്‍ നീല ടിക് കാണാനാകുമെന്നും നടി പറയുന്നു.
ഇയാള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യാന്‍ തന്നെ സഹായിക്കണമെന്നും ഇയാള്‍ക്കെതിരേ നിയമപരമായി മുന്നോട്ട് പോകാനാണ് വിചാരിക്കുന്നതെന്നും ഇങ്ങനെ പറ്റിച്ച് എന്താണ് ഇയാള്‍ക്ക് നേടാനുള്ളത് എന്ന് തനിക്കറിയില്ലെന്നും മീര വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭാവനയും വ്യാജ പേജിനെതിരെ രംഗത്തുവന്നിരുന്നു.

Latest News