അൽകോബാർ- കോവിഡ് 19 പശ്ചാത്തലത്തിൽ സൗദിയിൽ ലോക്ഡൗൺ മൂലം ജോലിയും ശമ്പളവും ഇല്ലാതെ രണ്ടു മാസമായി ബുദ്ധിമുട്ട് അനുഭവപ്പെട്ട ഫിലിപ്പൈൻസ് സ്വദേശികളായ ഹേതരിനും നാൽപതോളം വരുന്ന സഹപ്രവർത്തകർക്കും കെ.എം.സി.സി അൽകോബാർ കേന്ദ്ര കമ്മിറ്റി അൽകോബാർ കബായാൻ സൂപ്പർമാർക്കറ്റുമായി സഹകരിച്ച് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. ലോക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയ ഫിലിപ്പിനോ സഹോദരികൾ പ്രയാസപ്പെട്ട ഘട്ടത്തിൽ തൃശൂർ കുന്നംകുളത്തുള്ള ഹേതറിന്റെ സഹോദരി നോർബിയും ഭർത്താവ് പ്രവീണും വിഷയം അൽകോബാർ കെ.എം.സി.സി ജനറൽ സെക്രട്ടറി സിറാജ് ആലുവയെ അറിയിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഫിലിപ്പിനോ സഹോദരിമാരുടെ പ്രയാസം മനസ്സിലാക്കി ഗൾഫിലെ തെക്കുകിഴക്കനേഷ്യൻ ഭക്ഷ്യ വസ്തുക്കളുടെ റീട്ടെയിൽ വിപണന രംഗത്തെ പ്രമുഖരായ കബയാൻ ഗ്രൂപ്പ് ഓഫ് സൂപ്പർമാർക്കറ്റ്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൾ അസീസ് പുല്ലാളൂർ, അൽകോബാർ റീട്ടെയിൽ മാനേജർ സലാം ഹാജി കുറ്റിക്കാട്ടൂർ എന്നിവരുമായി ബന്ധപ്പെട്ട് അൽകോബാർ കെ.എം.സി.സി നടത്തുന്ന കോവിഡ് 19 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സഹായം എത്തിക്കുകയായിരുന്നു.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അഞ്ച് ഘട്ടങ്ങളിലായി നൂറുക്കണക്കിന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്ത സെൻട്രൽ കമ്മിറ്റിയുടെ മെയ് മാസത്തിൽ നടക്കുന്ന ആറാം ഘട്ട വിതരണത്തിലേക്ക് ആവശ്യമായ നൂറോളം ഭക്ഷണ കിറ്റുകൾ തദവസരത്തിൽ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സിദ്ദീഖ് പാണ്ടികശാല ഏറ്റുവാങ്ങി. ജിദ്ദ തായിഫ് നഗരങ്ങളിലും ബഹ്റൈനിലും കുവൈത്തിലും യു.എ.ഇയിലും ഒമാനിലും സമാനരീതിയിൽ സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ട് കബയാൻ ഗ്രൂപ്പ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതായും ചൊവ്വഞ്ചേരി ആമിന ഉമ്മ ട്രസ്റ്റിനു കീഴിൽ നാട്ടിലും രണ്ടായിരത്തോളം ഭക്ഷണ കിറ്റുകൾ ലോക്ഡൗൺ പശ്ചാത്തലത്തിൽ വിതരണം ചെയ്തതായും അധികൃതർ വ്യക്തമാക്കി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ജനറൽ സെക്രട്ടറി സിറാജ് ആലുവ, ഇഖ്ബാൽ ആനമങ്ങാട്, ഫൈസൽ കൊടുമ, ഹബീബ് പൊയിൽതൊടി, ജുനൈദ് കാഞ്ഞങ്ങാട് എന്നിവർ ചേർന്ന് ഭക്ഷണ കിറ്റുകൾ ഫിലിപ്പിനോ സഹോദരിമാരുടെ താമസസ്ഥലത്ത് എത്തിച്ചു നൽകി. ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങിയ ഹേതറും സഹപ്രവർത്തകരും കുന്നുംകുളത്തുനിന്നും സഹോദരി നോർബിയും ഭർത്താവ് പ്രവീണും അൽകോബാർ കെ.എം.സി.സി പ്രവർത്തകർക്കും കബയാൻ അധികൃതർക്കും നന്ദി അറിയിച്ചു.






