വളര്‍ത്തുമൃഗങ്ങളിലൂടെ കൊറോണ പകരില്ലെന്ന് ആരോഗ്യ വിദഗ്ധര്‍

ദുബായ്- വളര്‍ത്തുമൃഗങ്ങളിലൂടെ മനുഷ്യര്‍ക്ക് കൊറോണ വൈറസ് പകരുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് യു.എ.ഇയിലെ മൃഗഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. അതേസമയം, മനുഷ്യരില്‍നിന്ന് പൂച്ചയിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.
'പൂച്ചക്ക് കൊറോണ ബാധയുണ്ടാകാമെന്നും തുടര്‍ന്ന് മറ്റുള്ള പൂച്ചകളിലേക്ക് രോഗം പകരാനിടയുണ്ടെന്നും ഈയിടെ നടന്ന പഠനങ്ങളില്‍ തെളിഞ്ഞതായി' ദുബായ് സെന്‍ട്രല്‍ വെറ്റിനറി റിസര്‍ച്ച് ലബോറട്ടറി (സി.വി.ആര്‍.എല്‍) സയന്റിഫിക് ഡയറക്ടര്‍ ഡോ. ഉള്‍റിച്ച് വേര്‍നറി വ്യക്തമാക്കി.
ദുബായ് പോലീസിന്റെ കെ 9 ഡിപ്പാര്‍ട്ട്‌മെന്റ് ഈയിടെ സംഘടിപ്പിച്ച വിര്‍ച്വല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനാല്‍ കൊറോണ ബാധിതനായ വ്യക്തിക്ക് തന്റെ വളര്‍ത്തുമൃഗങ്ങളോട് വിട്ടുനില്‍ക്കുകയാണ് അഭികാമ്യം. -  ഡോ. ഉള്‍റിച്ച് പറഞ്ഞു.
പൂച്ചകള്‍ക്ക് നായകളെക്കാള്‍ വേഗം രോഗം ബാധിച്ചേക്കും. അതിനാല്‍ ഇവയെ ചുംബിക്കുകയോ ദേഹത്തോട് ചേര്‍ത്ത് അണക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ഉണര്‍ത്തി. കോവിഡ് 19 വൈറസ് ബാധയുള്ള പ്രതലത്തിലൂടെ നടന്നാല്‍ പോലും പൂച്ചക്ക് രോഗം പകര്‍ന്നേക്കാം. മൃഗങ്ങളില്‍ എട്ട് മുതല്‍ 10 ദിവസം വരെ വൈറസ് ജീവിക്കുമെന്നും ഡോ. ഉള്‍റിച്ച് പറഞ്ഞു.

 

Latest News