Sorry, you need to enable JavaScript to visit this website.

ബഹ്‌റൈനില്‍ വാറ്റ് വര്‍ധന പരിഗണനയില്‍ ഇല്ല - എം.പി

അഹമ്മദ് അല്‍സല്ലൂം

മനാമ- നിയമപരമായ അംഗീകാരത്തോടെ അല്ലാതെ ഗവണ്‍മെന്റിന് മൂല്യവര്‍ധിത നികുതി (വാറ്റ്) വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്ന് ബഹ്‌റൈനിലെ മുതിര്‍ന്ന പാര്‍ലമെന്റ് അംഗം വെളിപ്പെടുത്തി. 2018 ഒക്ടോബറില്‍ രാജ്യത്ത് വാറ്റ് നടപ്പാക്കാന്‍ വിഷ്‌കരിച്ച ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിന് ഗവണ്‍മെന്റിന് പരിമിതികളുണ്ടെന്ന് നിയമ വിദഗ്ധരുമായി നടത്തിയ കൂടിയാലോചനക്ക് ശേഷം പാര്‍ലമെന്റ് സാമ്പത്തിക, ധനകാര്യ കമ്മിറ്റി ചെയര്‍മാന്‍ അഹമ്മദ് അല്‍സല്ലൂം പറഞ്ഞു. 2019 ജനുവരി ഒന്നിനാണ് 94 ഇനം ചരക്കുകള്‍ക്ക് വാറ്റ് പ്രാബല്യത്തില്‍ വരുത്തിയത്.
സൗദി അറേബ്യ ജൂലൈ ഒന്ന് മുതല്‍ വാറ്റ് 15 ശതമാനമാക്കി ഉയര്‍ത്തിയത് പോലെ ബഹ്‌റൈന്‍ ഇത് പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെയും ബഹ്‌റൈനിലെയും നിയമനിര്‍മാണ സംവിധാനം തീര്‍ത്തും വ്യത്യസ്തമാണ്. രാജ്യത്ത് ഏതൊരു നിയമം നടപ്പിലാക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പാര്‍ലമെന്റിന്റെയും ശൂറാ കൗണ്‍സിലിന്റെയും സമ്മതം നിര്‍ബന്ധമാണെന്നും ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കൂടിയായ അദ്ദേഹം വിശദീകരിച്ചു. കോവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കമ്പനികള്‍, വ്യാപാര- ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് മൂന്ന് മാസം വാറ്റ് നല്‍കുന്നതില്‍ ഇളവ് അനുവദിക്കണമെന്ന് അഹമ്മദ് അല്‍സല്ലൂമിന്റെ നേതൃത്വത്തില്‍ അഞ്ച് പാര്‍ലമെന്റ് അംഗങ്ങള്‍ അടിയന്തര നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.

 

 

 

Latest News