കേരള സര്‍വകലാശാല പരീക്ഷകള്‍ പുനരാരംഭിക്കുന്നു

തിരുവനന്തപുരം- കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി നിര്‍ത്തിവച്ച പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച് കേരള സര്‍വകലാശാല. ബിരുദ കോഴ്‌സുകളുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഈ മാസം 21ന് തുടങ്ങും. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഈ മാസം 25ന് പരീക്ഷകള്‍ ആരംഭിക്കും. എല്‍എല്‍ബി പരീക്ഷകള്‍ ജൂണ്‍ എട്ടിന് തുടങ്ങാനാണ് തീരുമാനം. പരീക്ഷകള്‍ പുനരാരംഭിക്കാന്‍ പര്യാപ്തമായ പരീക്ഷാ കലണ്ടറിനും സമിതി രൂപം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ പരീക്ഷകള്‍ക്കും സമയബന്ധിതമായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കും കമ്മിറ്റി രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുകയെന്നും സര്‍വകലാശാല അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നടത്തുന്നതിനും അധ്യായന ആരംഭത്തിനും വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ച് യുജിസി നേരത്തേ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

Latest News