Sorry, you need to enable JavaScript to visit this website.

സിക്കിമിനെന്ത് കൊറോണ? 

കൊറോണാനന്തര കാലത്തെ ടൂറിസം മേഖലയെ കുറിച്ചുള്ള കണക്കുകൂട്ടലിലാണ് ഗാങ്‌ടോക്കിലെ വിനോദ സഞ്ചാര ഉദ്യോഗസ്ഥർ. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ എട്ട് ശതമാനം സംഭാവന നൽകുന്നത് വിനോദ സഞ്ചാര മേഖലയാണെന്നാണ് പഴയ കണക്ക്.  കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 മുതൽ 12 ശതമാനം വരെ വളർച്ചാ നിരക്ക് ഈ മേഖലയ്ക്ക് ഉണ്ടായിട്ടുണ്ട്. 
ഇന്ത്യയാകെ ഭീതി വിതച്ച കോവിഡ് 19നെ പടിക്കു പുറത്ത് നിർത്താൻ കഴിഞ്ഞെന്നത് ഈ കൊച്ചു സംസ്ഥാനത്തിന്റെ തിളക്കമാർന്ന നേട്ടമാണ്. 
കൊറോണ വൈറസ് പടരാതിരിക്കാൻ ഏകദേശം രണ്ട് മാസം മുമ്പ് തന്നെ അതീവ ജാഗ്രത പുലർത്തിയ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമാണ് സിക്കിം. 
മറ്റ്  സംസ്ഥാനങ്ങൾക്കൊപ്പം അതീവ ജാഗ്രതയാണ് കൊറോണയെ പ്രതിരോധിക്കാൻ സിക്കിം പുലർത്തിയിരുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കൊറോണ ബാധിതമായ ഭൂട്ടാൻ, നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളുമായി സിക്കിം അടുപ്പം പുലർത്തിയിരുന്നു എന്നതാണ് ഇതിന് കാരണം. 
സിക്കിമിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള പശ്ചിമ ബംഗാളിലെ കലിംപോംഗിൽ ഏപ്രിൽ ആദ്യവാരം ഒരാൾ കൊറോണ ബാധയെ തുടർന്ന് മരിച്ചിരുന്നു. ആ സമയത്ത് അപകടം സിക്കിമിന്റെ  വാതിലിൽ മുട്ടുകയാണ് എന്നതായിരുന്നു വാസ്തവം. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ കൊറോണ പ്രതിരോധ നടപടികൾ ആരംഭിക്കുന്നതിനും ആഴ്ചകൾക്ക് മുൻപ് തന്നെ സിക്കിം കൊറോണയ്‌ക്കെതിരെ പോരാടാൻ ആരംഭിച്ചിരുന്നു. രാജ്യം അതീവ ജാഗ്രത പുലർത്തുന്നതിന് ആഴ്ചകൾക്കുമുമ്പ് ഒരു കർമപദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാങിന്റെ സെക്രട്ടറി എസ്.ഡി ധക്കൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. 
അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് വൈറസ് പടരുന്നത് തടയാൻ സ്വീകരിച്ച നടപടികളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ആദ്യപടിയായി ഹോട്ടലുകൾ, റെസ്‌റ്റോറൻറുകൾ, സിനിമാ ഹാളുകൾ, സ്‌കൂളുകൾ, കോളേജുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ മാർച്ച് നാലിന് തന്നെ സർക്കാർ അടച്ചുപൂട്ടിയിരുന്നു. ആളുകളുടെ വലിയ കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ഇന്ത്യ-ചൈന ബോർഡറായ നതുലാ ഉൾപ്പെടെ മൂന്നു രാജ്യങ്ങളുമായി പങ്കുവയ്ക്കുന്ന അതിർത്തികളുടെ അടച്ചുപൂട്ടലായിരുന്നു അടുത്ത പടി. രാംഗ്‌പൊ, മെല്ലി എന്നിങ്ങനെ പശ്ചിമ ബംഗാളിലെ രണ്ട് എൻട്രി-എക്‌സിറ്റ് ഗേറ്റുകൾ മാത്രമാണ് സംസ്ഥാനം കനത്ത സുരക്ഷയോടെ തുറന്നിരുന്നത്. ജനുവരി 29 മുതൽ ആരോഗ്യ വിദഗ്ധർ അതിർത്തിയിൽ നിലയുറപ്പിച്ചിരുന്നു. സംസ്ഥാനത്ത് നിന്നും ഇതുവരെ പരിശോധനയ്ക്കായി അയച്ച 80 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. സിക്കിമിലെ ആദ്യ ടെസ്റ്റിംഗ് ലബോറട്ടറിയും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്. അസംസ്‌കൃത വസ്തുക്കളും അവശ്യവസ്തുക്കളും പൂർണ്ണ മുൻകരുതലോടെയാണ് കൈമാറുന്നത്. സാധനങ്ങൾ കൊണ്ടുവരുന്ന ട്രക്കുകൾ പൂർണ അണുനശീകരണം നടത്തിയ ശേഷമാണ് അതിർത്തി കടത്തുന്നത്. 
സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്കുള്ള ട്രാൻസിറ്റ് ക്യാമ്പുകൾ എല്ലാ ജില്ലയിലും സ്ഥാപിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന അതിർത്തി കവാടങ്ങളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ട്രക്കുകൾ ഓടിക്കാൻ പ്രാദേശിക ഡ്രൈവർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
ലോക്ഡൗൺ കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെയും രോഗികളെയും സംസ്ഥാനത്തെ മറ്റ് ആളുകളെയും തിരിച്ചുകൊണ്ടുവരാനുള്ള നടപടികളുമായി മുമ്പോട്ട്  പോകുകയാണ് ഇപ്പോൾ സിക്കിം സർക്കാർ. ലോക്ഡൗൺ കാലയളവിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനുള്ള പദ്ധതി പുറത്തിറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
 

Latest News