ന്യൂദല്‍ഹി- അടുത്ത ആഴ്ച മുതല്‍ സുപ്രീം കോടതി ജഡ്ജിമാര്‍ കോടതി മുറിയില്‍ എത്തി വാദം കേള്‍ക്കുന്നത് പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിനുവേണ്ടി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേള്‍ക്കുക. അഭിഭാഷകർ അവരുടെ കേസുകൾ അതാത് ചേംബറുകളില്‍ ഇരുന്ന് വാദിക്കും. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കോടതിയുടെ നടത്തിപ്പ് പരിശോധിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ജസ്റ്റിസ് എൽ എൻ റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഒരു കോടതിമുറിയിൽ ഒത്തുകൂടി.
ഡെപ്യൂട്ടി രജിസ്ട്രാർ റാങ്കിലുള്ള ഉദ്യോഗസ്ഥരോട് മേയ് 4 മുതൽ ഓഫീസിൽ ഹാജരാകണമെന്ന് സുപ്രീം കോടതി സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ശേഷിക്കുന്ന ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ച നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് വീട്ടിൽ നിന്ന് തുടർന്നും പ്രവർത്തിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നിർദ്ദേശിച്ചിരുന്നത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍വന്നതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് സുപ്രീം കോടതി അടിയന്തിര കേസുകളില്‍ വാദം കേട്ടിരുന്നത്.






