Sorry, you need to enable JavaScript to visit this website.

മഹാമാരിയുടെ കാഴ്ചവട്ടം

മഹാമാരി ഉടനൊന്നും തീരുന്ന ലക്ഷണമില്ല.  സാമൂഹ്യമായ അകലം കർശനമായി നിലനിർത്തുന്നുണ്ടെന്നും ഔഷധം ഏറെക്കുറെ തയാറായെന്നും കേൾക്കുന്നു. ലോകത്തെ മുടിക്കാൻ വന്ന വൈറസിന് ഭാവഭേദം വന്നാലും അതിനെ തടയാൻ നമുക്ക് കെൽപ് ഉണ്ട് എന്ന് ഒരു കൂട്ടം ശുഭാപ്തിവിശ്വാസികൾ പറയുന്നു.  പ്രകൃതിയുടെ ശാപമായി വന്നതല്ല, മനുഷ്യന്റെ വികൃതിയുടെ ഫലമായി ഉണ്ടായതാണ് കൊറോണ എന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. സാമ്പത്തികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളിലേക്കാണ് പിന്നെ ചിലരുടെ ശ്രദ്ധ.  കോടിക്കണക്കിന് ആളുകളാണ് ഉപജീവനം പോയി നട്ടം തിരിയുന്നതത്രേ. ആ പ്രശ്‌നം തീർക്കാനുള്ള ബൃഹത്തായ പദ്ധതികൾ ആവിഷ്‌കരിക്കുന്ന തിരക്കിലാണ് അവർ. ജീവനും സ്വത്തിനും കഴിഞ്ഞ മൂന്നാലു മാസത്തിൽ ഉണ്ടായ നാശം കണക്കാക്കിയാൽ ഏതു ധനശാസ്ത്രജ്ഞനും അന്തം വിട്ടുപോകും.


ഏതു ദുരന്തം എവിടെ ഉണ്ടായാലും അതിനെ ഇട തട്ടിച്ചുനോക്കാൻ വേറെ എവിടെയെങ്കിലും എന്നെങ്കിലും സമാനമോ വ്യത്യസ്തമോ ആയ വിനാശം നടന്നതായി രേഖയുണ്ടോ എന്ന് അന്വേഷിക്കാനാണ് മനുഷ്യന്റെ വാസന.  അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒന്നുകിൽ, ഇപ്പോൾ അനുഭവിക്കുന്ന ദുരന്തത്തിന്റെ അർഥവും വ്യാപ്തിയും കൂടുതൽ തെളിച്ചത്തോടെ മനസ്സിലാക്കാൻ കഴിയുമെന്നാകും വിചാരം. അല്ലെങ്കിൽ, 'ഇക്കണ്ടതൊന്നും കണക്കല്ല മന്നവ' എന്നു സമാശ്വസിക്കാവുന്ന വിധത്തിൽ, പണ്ട് സമൂഹം കടന്നുപോയ ആപത്തുകളെയും വിപത്തുകളെയും തിരിഞ്ഞുനോക്കിക്കാണാം. 'ഇതുപോലൊരു നാറിയ ഭരണം' ഇന്നലെ വരെ ഉണ്ടായിട്ടില്ലെന്നു സമാധാനിക്കുന്നവർക്ക് അങ്ങനെയുമാകാം.


നാശത്തിന്റെ കാഴ്ചവട്ടം അളന്നു നോക്കാൻ തുടങ്ങുമ്പോൾ, എന്തുകൊണ്ട് 'കാഴ്ചവട്ടം?' 'എന്തുകൊണ്ട് മറ്റൊന്നല്ല?' എന്ന ചോദ്യം വരാം.  ഞാൻ ഒരിക്കൽ അവതരിപ്പിച്ചിരുന്ന ടെലിവിഷൻ സംവാദത്തെ 'കാഴ്ചവട്ടം' ആയാണ് കണ്ടിരുന്നത് എന്ന് ഉത്തരം.  കാഴ്ചപ്പാട് അതിപരിചിതമായി. നേരിയതെങ്കിലും ഒരു വ്യത്യാസം കിടക്കട്ടെ എന്നു കരുതി അത്ര തന്നെ.  പുതിയ എഴുത്തുകാരെ നോക്കിക്കൊണ്ട് ജോർജ് ഓർവെൽ പറഞ്ഞിരുന്നതോർത്തു: 'നേരത്തേ എവിടെയെങ്കിലും കണ്ടു മയങ്ങിയ പ്രയോഗം തൊട്ടുപോകരുത്.' അതായിരുന്നു കാഴ്ചവട്ടത്തിന്റെ ഗുട്ടൻസ്. 
കാലത്തിന്റെ വൻ കുഴലിൽ അടുക്കിവെച്ചിട്ടുള്ള വിനാശത്തിന്റെ കാഴ്ചക്കൊലകൾ എണ്ണിപ്പെറുക്കി നോക്കാതിരിക്കാൻ വയ്യ.  കൊറോണ വന്നപ്പോൾ നമ്മൾ രണ്ടു കൊല്ലം മുമ്പ് പെയ്ത പ്രളയത്തിന്റെ ഓർമ തപ്പിയെടുത്തു.  അതിനു മുമ്പ് മലേഷ്യയുടെ ചുറ്റുവട്ടത്ത് കടൽ കുതറിത്തെറിച്ചുവന്നപ്പോഴുണ്ടായ വിപത്തിനെ നമ്മൾ ഒരു ജാപ്പനീസ് പേരിട്ടു വിളിച്ചു: സുനാമി.  അവക്കെല്ലാം ഒരു കാര്യം പൊതുവായിരുന്നു. വെള്ളം കൊണ്ടായിരുന്നു കളി മുഴുവൻ.  മനുഷ്യ സങ്കൽപത്തിൽ സൃഷ്ടികർമവും അവസാനവും സംഭവിക്കുന്നത് പ്രളയത്തിലാണല്ലോ.  വിനാശം വിതക്കുന്ന വൈറസ് ബാധ അങ്ങനെ വിഭാവനം ചെയ്യപ്പെട്ടിട്ടില്ല. കോവിഡ്19 എന്ന കൊറോണ വൈറസിനെപ്പോലും നമ്മൾ വലിയൊരു മഴയായി മഹാമാരി ആയി കണക്കാക്കുന്നു.


വെള്ളം വരുത്തിവെച്ച വിനയിൽ നമ്മുടെ ഓർമയിൽ തങ്ങിനിൽക്കുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കമായിരിക്കും.  ഒരു ഭാഷാശൈലിയായി അത് ഒഴുകിനടക്കുന്നുവെന്നല്ലാതെ ആ വെള്ളപ്പൊക്കത്തിന്റെ പൊക്കം അടയാളപ്പെടുത്തുന്ന രേഖകളും പ്രമാണങ്ങളും ഏറെ അവശേഷിച്ചിട്ടില്ല.  അതിനും മുമ്പുണ്ടായ ഒരു മഹാമാരിയിൽ, 1341 ൽ  പടിഞ്ഞാറൻ തീരം മുഴുവൻ കുതിർന്നു എന്നു തന്നെയല്ല കുഴഞ്ഞു വീഴുകയും ചെയ്തു. കാളിദാസന്റെ രഘുവംശത്തിൽ പോലും പരാമർശിക്കപ്പെടുന്ന ചൂർണി, അല്ലെങ്കിൽ പെരിയാർ വഴി മാറിയൊഴുകി. കൊടുങ്ങല്ലൂർ തുറമുഖത്തിന്റെ മാറും മുഖവും തകർന്നുപോയി. അതിന്റെ നഷ്ടം കൊച്ചിയുടെ ഭാഗ്യമായി.   
അതിനിടയിൽ  മുങ്ങിപ്പോയ ഭൂവിഭാഗങ്ങളുടെയും മൺ മറഞ്ഞുപോയ മനുഷ്യരുടെയും വിവര ഗണിതം കിട്ടിയാലേ കൊച്ചി തുറമുഖത്തിന്റെ പിറവിയിലേക്കു നയിച്ച കാഴ്ചപ്പാട് മുഴുവനാകൂ.  അതുണ്ടായില്ല.  ഏറെയും പുരാവൃത്തമായി ശേഷിക്കുന്നു ഇന്നും. 


കേരളക്കരയുടെ ഭാവരൂപ ഭദ്രതയെ അത്രയൊക്കെ ഭീഷണിപ്പെടുത്തിയ മഹാമാരിയോ ദീനമോ അടുത്തൊന്നും ഉണ്ടായിട്ടില്ല.  അണുബാധയുടെ കാഴ്ചവട്ടം വരച്ചിടുകയാണെങ്കിൽ അമ്പതുകളുടെ ഒടുവിൽ ഇവിടെ പടർന്നുപിടിച്ച ഇൻഫഌവൻസയാവും ആദ്യം ശ്രദ്ധയിൽ പെടുക.  അതുവരെ ചുക്കും മുളകും തിപ്പലിയും ചേർത്ത ഒരു കഷായം ഏഴു ദിവസം കഴിച്ചാൽ മാറാത്ത പനിയും ചുമയും രോഗിയോ വൈദ്യനോ കേട്ടിരുന്നില്ല. പിന്നീട് ഫഌ എന്ന ഓമനപ്പേരു നേടിയ ഇൻഫഌവൻസയുടെ വരവോടെ അതുവരെ പരിചയിക്കാതിരുന്ന ഔഷധങ്ങളും ഭിഷഗ്വരന്മാരും രംഗത്തെത്തി. 
തപാൽ വഴി കൊൽക്കത്തയിൽനിന്ന് പാഠപുസ്തകങ്ങളും മരുന്നുകുപ്പികളും വരുത്തിയിരുന്ന ഗംഗാധരൻ വൈദ്യർ അദ്ദേഹം ചികിത്സിക്കുന്ന രോഗത്തേക്കാൾ കൂടുതൽ ഗൂഢത പരത്തി.  എല്ലാം ഒരുപോലെ തോന്നിച്ചിരുന്ന കുപ്പികളിലെ മധുരിക്കുന്ന മരുന്നു കഴിച്ചാൽ പോകാത്ത ഒരു പനിയും ഗ്രാമത്തെ കീഴടക്കുകയില്ലെന്നായിരുന്നു ഗ്രാമ യുവത്വത്തിന്റെ വിശ്വാസം. 
പുത്തൻ കൂറ്റ് വൈദ്യരുടെ ചിരിയും കിളിക്കൊഞ്ചലും പുതിയൊരു സ്വാധീന വലയം സൃഷ്ടിച്ചു.  മരുന്നിനോ ചികിത്സക്കോ കണക്കു പറഞ്ഞ് പണം വാങ്ങിയിരുന്നില്ല. ഒന്നും രണ്ടും തവണ കണ്ടു കഴിഞ്ഞാൽ നാലണ കൊടുത്താലായി. കൊടുത്തില്ലെങ്കിലും കിട്ടേണ്ട ആൾക്ക് നീരസം തോന്നാത്തതായിരുന്നു ആ ഇടപാട്.  അണയും കാശും നയാപൈസയായി മാറുന്നതായിരുന്നു ആ കാലം. കേരളത്തിൽ ഒരു രാഷ്ടീയ ഭൂകമ്പം പൊട്ടിയതും ആയിടക്കു തന്നെ.


കൊറോണയുടെ കാഴ്ചവട്ടം കുറച്ചുകൂടി തെളിച്ചു വരച്ചിടാൻ സുനിൽ നായർ എന്ന ഒരു ചങ്ങാതി ഫെയ്‌സ്ബുക്കിൽ ശ്രമിക്കുന്നത് കണ്ടു.  അതു നോക്കി അത്ഭുതപ്പെട്ട ഒരാൾ ചോദിച്ചു: 'ഇതാരെഴുതി, സുനിൽ തന്നെയോ?' സുനിൽ മടികൂടാതെ പറഞ്ഞു: 'ഇന്റർനെറ്റിൽനിന്നു പൊക്കി.' ഇതെഴുതുന്നയാളും ആ നീക്കം പിൻതുടരുന്നു.
നിങ്ങൾ 1900 ൽ ജനിച്ചുവെന്നു കരുതുക. സുഖിച്ചു വാണിരുന്ന നിങ്ങൾക്ക് പതിനാലു വയസ്സായപ്പോൾ ഒന്നാം ലോകയുദ്ധം പൊട്ടുന്നു, നാലു കൊല്ലം നീളുന്നു. 
നിങ്ങൾക്ക് മധുരപ്പതിനെട്ടാവുമ്പോൾ അവസാനിച്ച  യുദ്ധത്തിൽ രണ്ടേ കാൽ കോടി ജനം മൺമറയുന്നു. അവരിൽ കവികളും കാവിയുടുത്തവരും കവർച്ചക്കാരും സ്വാതന്ത്ര്യ ഭടന്മാരും എത്രയുണ്ടായിരുന്നെന്ന് ഒരു കണക്കുമില്ല.
ലോകയുദ്ധത്തിൽ മനുഷ്യർ തമ്മിൽ തമ്മിൽ കുത്തിമലർത്തിയെങ്കിൽ, അതു തീർന്നപ്പോൾ നാശത്തിന്റെ പെരുമ്പറയുമായി വേറൊരു വ്യാധി വരികയായിരുന്നു.  അക്കൊല്ലം അവസാനമായിരുന്നു സ്പാനിഷ് ഇൻഫഌവൻ സയുടെ തുടക്കം.  സ്വപ്‌നങ്ങളും വിപ്ലവ ചിന്തകളുമായി നിങ്ങൾ ഇരുപതിലെത്തുമ്പോഴേക്കും ഭൂമുഖം അമ്പേ ദരിദ്രമാവുകയായിരുന്നു. അഞ്ചു കോടി, അതെ, അഞ്ചു കോടി  ആളുകൾ ആ പ്രകരണത്തിൽ മരിച്ചു വീണു. 


ഇനി അൽപം അമേരിക്കൻ കാഴ്ചപ്പാട് ആകട്ടെ. നിങ്ങൾക്ക് വയസ്സ് ഒമ്പതാകുന്നതിനു മുമ്പേ യുദ്ധവും ദീനവും അപഹരിച്ച ജീവന്റെ കണക്ക് മറക്കരുത്.  ആ നാശനഷ്ടങ്ങളുമായി പൊരുത്തപ്പെടാനിരിക്കുമ്പോഴാണ് അന്നേ വരെ കേട്ടിട്ടില്ലാത്ത സാമ്പത്തിക ഞെരുക്കത്തിന്റെ ചൊല്ലിയാട്ടം.  മാന്ദ്യം.  ഇന്ത്യയിലോ കേരളത്തിലോ അതെങ്ങനെ അനുഭവപ്പെട്ടുവെന്നതിനേക്കാൾ നാടകീയമായി അവതരിപ്പിക്കാം അമേരിക്കൻ ദുരന്തം. ലോകത്തിൽ നാലിലൊന്ന് ആളുകൾക്ക് തൊഴിൽ പോകുന്നു, ആഭ്യന്തരോൽപാദനം 27 ശതമാനം കുറയുന്നു, നിങ്ങൾക്ക് മുപ്പത്തിമൂന്നാവുന്നതുവരെ തുടരുന്ന ആ അനുഭവത്തിന്റെ അവസാനം ദിവസം ഒരു ഡോളർ വേതനം കിട്ടുന്ന തൊഴിൽ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാനായിരിക്കും. മാന്ദ്യം കഴിഞ്ഞപ്പോൾ നിങ്ങൾക്ക് മുപ്പത്തൊമ്പതു വയസ്സാകുമ്പോൾ, പിന്നെയും അഞ്ചു കൊല്ലം നീളാവുന്ന രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെടുന്നു.  യുദ്ധത്തിലേക്ക് വഴുതി വീഴുകയോ എടുത്തുചാടുകയോ ചെയ്ത പല രാജ്യങ്ങളിലും ബോംബ് വീഴുന്നത് എല്ലാ ദിവസത്തെയും അനുഭവമായിരുന്നു.  കൊറോണയെപ്പറ്റി പറയാൻ പ്രധാനമന്ത്രി മോഡിയും  മുഖ്യമന്ത്രി വിജയനും ഒരുക്കുന്ന വാർത്താ മുഹൂർത്തങ്ങളേക്കാൾ എത്രയോ ഭയാനകമായിരുന്നു യുദ്ധകാലത്തെ പാഞ്ചജന്യത്തിന്റെ മുഴക്കം.  യുദ്ധം തീരുമ്പോൾ നിങ്ങൾക്ക് വയസ്സ് നാൽപത്തഞ്ച്.  ഹിരോഷിമയിലും നാഗസാക്കിയിലും ചിന്നിച്ചിതറിയ മനുഷ്യ ഭാഗധേയത്തിൽ ആറു കൊല്ലം കൊണ്ട് പെട്ടു പോയത് ഏഴര കോടി മനുഷ്യ ജീവൻ.  


നിങ്ങൾക്ക് അമ്പതാകുമ്പോൾ കൊറിയൻ യുദ്ധമായി, അമ്പതു ലക്ഷം മരണമായി.  ഏതാനും കൊല്ലം കഴിഞ്ഞപ്പോൾ ഒരിക്കലും തീരില്ലെന്നു തോന്നിച്ച വിയറ്റ്‌നാം അങ്കമായി. മരണം നാൽപതു ലക്ഷമായി.  പൂർവ യൂറോപ്പിലും സൈബീരിയയിലും മരണപ്പെട്ടവർ വെറും സംഖ്യകളായി.  സുഡാനിലും സോമാലിയയിലും നടന്ന കുരുതികൾക്ക് ഒന്നാം ലോകത്തിന്റെയും രണ്ടാം ലോകത്തിന്റെയും രക്താനുഭവങ്ങളുടെ പകിട്ടില്ലെന്നു തോന്നുന്നു.  
മരണത്തിന്റെ ഗണിത ചിന്തകൾക്ക് വിരാമമിടുക.  വഴി മാറി തിരിഞ്ഞുനോക്കുക.  'ആയുധം കൈയിലില്ലാത്തോൻ അടരാടി ' നേടിയ സ്വാതന്ത്ര്യം അവസാനത്തെ പർവത്തിൽ രൂപപ്പെട്ടതെങ്ങനെ എന്നു കണക്കു കൂട്ടുക.  പടിഞ്ഞാറൻ പഞ്ചാബിൽ ഒഴുകിയ ചോരക്ക് നാഥനുണ്ടായിരുന്നില്ല.  അർധരാത്രിയിൽ കൈവന്ന മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലവും ഒരു മഹാമാരിയായിരുന്നു. 
മഹാമാരിയുടെ കാഴ്ചവട്ടം കോവിഡ്19 ൽ തുടങ്ങുകയോ ഒടുങ്ങുകയോ ചെയ്യുന്നില്ല.  

Latest News