കര്‍ശന നിയന്ത്രണങ്ങളോടെ ഷാങ്ഹായ്  ഡിസ്‌നിലാന്‍ഡ് വീണ്ടും തുറന്നു

ബെയ്ജിംഗ്-കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മൂന്നരമാസത്തോളമായി അടച്ചിട്ടിരുന്ന ഷാങ്ഹായ് ഡിസ്‌നിലാന്‍ഡ് വീണ്ടും തുറന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡിസ്‌നിലാന്‍ഡ് ഇപ്പോള്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നത്. 80,000 സന്ദര്‍ശകരേയും 12,000 ജീവനക്കാരേയും ഉള്‍ക്കൊള്ളുമായിരുന്ന പാര്‍ക്കില്‍ ഇപ്പോള്‍ 30 ശതമാനം ആളുകള്‍ക്ക് മാത്രമേ സന്ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. കൂടാതെ എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.  അകത്തേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ശരീരത്തിന്റെ താപനില പരിശോധിക്കുകയും ചെയ്യും.യാത്രാവിലക്കുള്ളതിനാല്‍ ഷാങ്ഹായില്‍ നിന്നും സമീപ പ്രവിശ്യകളില്‍ നിന്നുമാണ് ഇന്ന് സന്ദര്‍ശകരെത്തിയത്.നൂറുകണക്കിന് ജീവനക്കാരായിരുന്നു ഇന്ന് സന്ദര്‍ശകരെ സ്വീകരിക്കാനെത്തിയത്. ചൈനീസ് ഭാഷയിലും ഇംഗ്ലീഷിലും മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. ഷാങ്ഹായിലേത് മാത്രമാണ് കോവിഡ് പ്രതിരോധത്തിനിടയിലും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത ഒരേയൊരു ഡിസ്‌നി പാര്‍ക്ക്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 25നായിരുന്നു പാര്‍ക്ക് അടച്ചുപൂട്ടിയത്.
 

Latest News