കുവൈത്ത് സിറ്റി- സമ്പൂര്‍ണ കര്‍ഫ്യൂ നിലവില്‍ വന്ന കുവൈത്ത് നിശ്ചലം. കോപ്പറേറ്റീവ് സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. അവിടെ രാവിലെയും രാത്രിയുമായി 2 ഷിഫ്റ്റ് പ്രവര്‍ത്തനാനുമതിയുണ്ട്.
റോഡില്‍ ആളുകളില്ല, വാഹനങ്ങളും ഇല്ല. ആരോഗ്യ പ്രവര്‍ത്തകരുടേയും പോലീസിന്റേയും മാത്രം വാഹനങ്ങള്‍.
30 വരെ 24 മണിക്കൂറും വീടിനകത്ത് കഴിയണം . പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിന് വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്താല്‍ കിട്ടുന്ന ബാര്‍കോഡ് ഉപയോഗിച്ച് വേണം എത്താന്‍. സിവില്‍ ഐഡിയിലുള്ള മേല്‍വിലാസവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ സ്ഥാപനത്തില്‍ മാത്രമേ പ്രവേശനം ലഭിക്കൂ. ഒരാള്‍ക്ക് ഒരാഴ്ച ഒരുതവണ മാത്രമായിരിക്കും അനുമതി. ബഖാലകള്‍ തുറക്കുന്നുണ്ട്. ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. അതും ബഖാലയുമായി അടുത്ത കെട്ടിടങ്ങളിലേക്ക് മാത്രം.
അവശ്യമരുന്നുകള്‍ വാങ്ങുന്നതിന് ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും പോകുന്നതിനും നിയന്ത്രണമുണ്ട്. ആഭ്യന്തരമന്ത്രാലയത്തില്‍ അപേക്ഷിച്ചാല്‍ ലഭിക്കുന്ന മെഡിക്കല്‍ പാസ് ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ.






