Sorry, you need to enable JavaScript to visit this website.

ഇബ്‌നു ബത്തൂത്ത - ഒരു അത്ഭുത സഞ്ചാരി

വിമാനങ്ങളും ഗൂഗ്ൾ മാപും അടക്കമുള്ള ആധുനിക യാത്രാസൗകര്യങ്ങൾ അപ്രാപ്യമായ കാലത്ത് കരയും കടലും താണ്ടി 29 വർഷത്തോളം രാജ്യങ്ങളുടെ അതിർവരമ്പുകൾക്കപ്പുറത്ത് സഞ്ചരിച്ച അത്ഭുത സഞ്ചാരിയായിരുന്നു ഇബ്‌നു ബത്തൂത്തയെന്ന മുഹമ്മദ് ബിൻ അബ്ദുല്ല അൽലവാത്തി അൽതൻജി. മക്കയെ ലക്ഷ്യമാക്കി തുടങ്ങി പിന്നീട് ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ ഭൂഖണ്ഡാന്തരങ്ങളിലൂടെ മാനവ സംസ്‌കൃതിയുടെ വൈവിധ്യങ്ങളെ തൊട്ടും തലോടിയും സഞ്ചരിച്ച അദ്ദേഹം അക്കാലത്തെ ലോക ചരിത്രത്തെ കുറിച്ച് വലിയ സംഭാവന നൽകിയ ചരിത്രകാരൻ കൂടിയാണ്. 1304 ഫെബ്രുവരി 24ന് മൊറോക്കോയിലെ ടാൻജിയറിൽ ജനിച്ച ഇദ്ദേഹം ടാൻജിയറിന്റെ ന്യായാധിപനും മതപണ്ഡിതനുമായിരുന്നു. ഒരു സഞ്ചാരി ചരിത്രകാരൻ എന്നതിന് പുറമെ കർമശാസ്ത്ര പണ്ഡിതൻ, സൂഫി വര്യൻ, യോദ്ധാവ്, നയതന്ത്രവിദഗ്ധൻ എന്നീ നിലകളിലെല്ലാം അറിയപ്പെട്ട അദ്ദേഹം 124000 കിലോമീറ്റർ ദൂരം നടന്നു തീർത്തെന്നാണ് വിലയിരുത്തപ്പെടുന്നത്.


1325 ജൂണിൽ മക്കയിലേക്ക് തിരിക്കുമ്പോൾ ഒരു നീണ്ട യാത്രയുടെ നാന്ദിയാവുമെന്ന് അദ്ദേഹം നിനച്ചിരുന്നില്ല. മക്ക ലക്ഷ്യമാക്കി ആഫ്രിക്കയുടെ വടക്കേ തീരത്ത് കൂടെ അൾജീരിയയും ടുണീഷ്യയും അലക്‌സാണ്ട്രിയയും കടന്ന് കൈറോയിലെത്തി. അവിടെ ഒരു മാസം താമസിച്ചു. കൈറോയിൽ നിന്ന് ഹാജിമാർ സാധാരണ യാത്ര ചെയ്യാറുള്ള മൂന്നു റൂട്ടുകൾ ഒഴിവാക്കി ആരും യാത്ര ചെയ്യാത്ത മറ്റൊരു വഴിയാണ് അദ്ദേഹം മക്കയിലേക്ക് തെരഞ്ഞെടുത്തത്. നൈൽ തീരത്ത് കൂടെ ചെങ്കടൽ ഭാഗത്തെത്തിയ അദ്ദേഹത്തിന് പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് കൈറോയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.

അപ്പോഴാണ് സിറിയ വഴി മാത്രമേ മക്കയിലെത്താനാകൂവെന്ന് അദ്ദേഹത്തെ ചില യാത്രികർ ഉപദേശിച്ചത്. മസ്ജിദുൽ ഖലീൽ, ഖുദ്‌സ്, ബൈതുലഹം തുടങ്ങിയ പുണ്യസ്ഥലങ്ങൾ ഈ റൂട്ടിലുണ്ടെങ്കിലും മംലൂക്ക്് ഭരണാധികാരികൾക്ക് ഹാജിമാരുടെ പാതകൾ സുരക്ഷിതമാക്കാൻ സാധിച്ചിരുന്നില്ല. അത് കാരണം ഹാജിമാർ പലപ്പോഴും മരുഭൂമിയിൽ കൊള്ളക്കാരുടെ ആക്രമണത്തിന് വിധേയരായിരുന്നു. ഡമസ്‌കസിൽ നിന്ന് ഒരു സംഘത്തോടൊപ്പം അദ്ദേഹം മദീനയിലെത്തുകയും പിന്നീട് മക്കയിലേക്ക് തിരിക്കുകയും ചെയ്തു. ശേഷം നാട്ടിലേക്ക് പോകുന്നതിന് പകരം അദ്ദേഹം ഇറാഖ്, ഇറാൻ, അഫ്ഗാൻ വഴി ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലേക്ക് പോവുകയായിരുന്നു. വീണ്ടും മക്കയിലെത്തിയ അദ്ദേഹം ഒരു വർഷത്തോളം അവിടെ താമസിച്ചു. ശേഷം ബഗ്ദാദ്, നജഫ്, മൊസൂൾ, സഞ്ചാർ, തിബ്‌രിസ്, ഇസ്ഫഹാൻ, യമൻ, സോമാലിയ, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് സഞ്ചാരം നടത്തി.

1333 സെപ്തംബർ പന്ത്രണ്ടിനാണദ്ദേഹം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യ ഭരിച്ചിരുന്ന മുഹമ്മദ് ബ്‌നു തുഗ്ലക്ക് അദ്ദേഹത്തെ ഹാർദ്ദവമായി സ്വീകരിച്ചു. കുറച്ചുകാലം അദ്ദേഹത്തിന്റെ പരിഭാഷകനായി സേവനം ചെയ്തു. പിന്നീട് ചൈനയിലേക്ക് പോകാൻ തീരുമാനിച്ചു. ഇക്കാലത്താണ് അദ്ദേഹം മലബാറിന്റെ ചില ഭാഗങ്ങൾ സന്ദർശിച്ചത്. മംഗലാപുരത്ത് നിന്നും കോഴിക്കോട്ട് നിന്നുമായിരുന്നു അന്ന് ചൈനയിലേക്ക് കപ്പൽമാർഗം യാത്ര സാധ്യമായിരുന്നത്. അത് കാരണമാണ് അദ്ദേഹം ദൽഹിയിൽ നിന്ന് കോഴിക്കോട്ടെത്തിയത്. ഈജിപ്തിലെ അലക്‌സാണ്ട്രിയ തുറമുഖത്തിന് സമാനമായിരുന്നു കോഴിക്കോട് തുറമുഖമെന്ന് ഇബ്‌നു ബത്തൂത്ത തന്റെ ഗ്രന്ഥത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. ചൈനയാത്രക്കിടയിൽ കപ്പൽ തകർന്നതു കാരണം അദ്ദേഹത്തിന് പല കൂട്ടാളികളെയും നഷ്ടമാവുകയും ചെയ്തതായി അദ്ദേഹത്തിന്റെ രേഖകളിലുണ്ട്.


ചൈനയിലേക്കുള്ള മാർഗമധ്യേ ഒമ്പത് മാസം മാലിദ്വീപിൽ താമസിക്കുകയും അവിടെ ഖാസിയായി ജോലി നോക്കുകയും ചെയ്തു. ഇക്കാലത്ത് മാലിദ്വീപിലെ ഉമർ ഒന്നാമൻ രാജാവിന്റെ മകളെ വിവാഹവും ചെയ്തു. അവിടെ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടപ്പോൾ ചൈനയിലേക്ക് തിരിക്കുകയായിരുന്നു. അവിടെനിന്ന് വീണ്ടും മക്കയിലേക്ക് സഞ്ചാരം നടത്തി. പിന്നീട് നാട്ടിലേക്കു പുറപ്പെട്ട അദ്ദേഹം സ്‌പെയിൻ, കൊറഡോവ, തുർക്കി, ബൾഗേറിയ, റഷ്യ തുടങ്ങിയവ സന്ദർശിച്ചു. മറ്റു ചില ഭാഗങ്ങളിൽക്കൂടി ചുറ്റിക്കറങ്ങിയ ശേഷം അദ്ദേഹം മൊറോക്കോ ഭരണാധികാരിയായിരുന്ന അബൂ ഇനാന്റെ ആസ്ഥാനമായ ഫാസ് നഗരിയിൽ 1354ൽ സ്ഥിര താമസമാക്കി. അപ്പോഴേക്കും തന്റെ മാതാപിതാക്കൾ ഇഹലോക വാസം വെടിഞ്ഞിരുന്നു. അബൂ ഇനാന്റെ ആവശ്യപ്രകാരമാണ് തുഹ്ഫതുൽ അൻളാർ ഫീ ഗറാഇബിൽ അംസ്വാർ വഅജാഇബിൽ അസ്ഫാർ എന്ന ഗ്രന്ഥം രചിച്ചത്. 19 ാം നൂറ്റാണ്ടിലാണ് ഈ ഗ്രന്ഥത്തെ കുറിച്ച് പുറം ലോകം അടുത്തറിഞ്ഞത്. ഈ ഗ്രന്ഥം ജർമൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. 1377ൽ ടാൻജിയറിൽ വെച്ച് അദ്ദേഹം മരിക്കുകയും ചെയ്തു.


അദ്ദേഹത്തിന്റെ ഇന്ത്യൻ സന്ദർശനത്തെ കുറിച്ച് ചരിത്രഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മലബാറിന്റെ ചരിത്രത്തിൽ ഇബ്‌നു ബത്തൂത്തയുടെ സ്ഥാനം മഹനീയമാണ്. കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി, കേരളത്തിലെ ഉൾനാടൻ ജലപാത, തൊട്ടുകൂടായ്മയടക്കമുള്ള കേരളത്തിന്റെ ആചാരങ്ങൾ, നാളികേരമടക്കമുള്ള ഫലങ്ങൾ തുടങ്ങിയ അദ്ദേഹം തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഓരോ സ്ഥലം സന്ദർശിക്കുമ്പോഴും അവിടുത്തെ ആളുകളെ നേരിൽകണ്ട് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. ഭാഷ, ശൈലി, ജനസംഖ്യ, ജീവിത രീതി, മതങ്ങൾ, സംസ്‌കാരങ്ങൾ, വരുമാനമാർഗം തുടങ്ങി സർവതും രേഖപ്പെടുത്തി. ഇവയെല്ലാം സമാഹരിച്ച് ഒരു ഗ്രന്ഥം രചിക്കുകയെന്നതിലപ്പുറം ഇത്തരം അമൂല്യമായ വിവരങ്ങൾ മാലോകർക്ക് കൈമാറുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 

Latest News