ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമ്പോള്‍ കര്‍ശനനിര്‍ദേശങ്ങള്‍

കൊച്ചി-രാജ്യത്തെ തീവണ്ടിസേവനം നാളെ മുതല്‍ ഭാഗികമായി, ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. 15 ജോടി പ്രത്യേക  ട്രെയിനുകളുടെ (30 സര്‍വീസുകള്‍ ) സമയക്രമം ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടു. രാജ്യത്തെ യാത്രാ  തീവണ്ടികളുടെ സേവനം നാളെ മുതല്‍ ഭാഗികമായി, ഘട്ടംഘട്ടമായി പുനരാരംഭിക്കുവാനും തീരുമാനമായി.

ഇടവേളക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമ്പോള്‍ കര്‍ശനമായ നിര്‍ദേശങ്ങള്‍ ആണ് ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്നത്.  ഐ. ആര്‍.സി.  ടി. സി  വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കു. യാത്രക്ക് ഏഴു ദിവസം മുന്‍പ് മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റുകള്‍ ലഭ്യമായവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കു.  തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് ബുക്കിങ്ങ് സംവിധാനങ്ങള്‍ ഉണ്ടാവില്ല.
ടിക്കറ്റ് തുകയില്‍ കാറ്ററിംഗ് ചാര്‍ജ് ഉള്‍പ്പെടുത്തില്ല. ഇ-കാറ്ററിംഗ് സംവിധാനവും ഉണ്ടാവില്ല. കുപ്പി വെള്ളവും നിയന്ത്രണങ്ങളോടെ ഭക്ഷണ പദാര്‍ത്ഥങ്ങളും വാങ്ങാന്‍ സൗകര്യമുണ്ടാകും. ടിക്കറ്റുകള്‍ ഉറപ്പാക്കിയ  ആളുകളെ സ്റ്റേഷനില്‍ എത്തിക്കാനും കൂട്ടി കൊണ്ട് പോകാനും വാഹനങ്ങള്‍ അനുവദിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉറപ്പാക്കുകയും ചെയ്യണം. സ്റ്റേഷനില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് സ്റ്റേഷനില്‍ എത്തി പരിശോധകള്‍ക്ക് വിധേയരാവണം. രോഗലക്ഷണം ഉള്ളവരെയും  പരിശോധന സെര്‍ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
സ്റ്റേഷനില്‍ എത്തുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ശരീര താപനില പരിശോധിക്കുകയും ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ല കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Latest News