ദോഹ- അടിയന്തര ഘട്ടത്തില്‍ ആളെ ഒഴിപ്പിക്കുന്ന വിമാനത്തില്‍ യാത്രക്കാരില്‍നിന്ന് പണം ഈടാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഞായറാഴ്ച മുടങ്ങിയ ദോഹ-തിരുവനന്തപുരം വിമാനം നാളെ ഖത്തറില്‍നിന്ന് പുറപ്പെടും. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴുമണിക്കാണ് വിമാനം ഖത്തറില്‍നിന്ന് പുറപ്പെടുക. ബുധനാഴ്ച പുലര്‍ച്ചെ 12.40ന് വിമാനം തിരുവനന്തപുരത്തെത്തും.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഖത്തറില്‍നിന്നുള്ള പ്രവാസികളെ തിരികെ കൊണ്ടുവരാനായുള്ള വിമാനം മുടങ്ങിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും ഖത്തര്‍ അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതിനു പിന്നാലെയാണ് സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
എയര്‍ ഇന്ത്യ വിമാനം ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഇളവുകള്‍ ലഭിക്കുകയില്ല. യാത്രക്കാരില്‍നിന്ന് പണം ഈടാക്കിക്കൊണ്ടുള്ള സര്‍വീസ് ആയതാണ് വിമാനത്താവളത്തില്‍ അടയ്‌ക്കേണ്ട ഫീസില്‍ ഇളവുകള്‍ ലഭിക്കാത്തതിനു കാരണം.






