'വിദേശ ഇന്ത്യക്കാര്‍ തിരിച്ചെത്തുമ്പോള്‍ ബോബ് ഡിലന്റെ ഗാനം അന്വര്‍ത്ഥമാകുന്നു'; കേന്ദ്രമന്ത്രിയുടെ ട്വീറ്റ് വൈറല്‍

ന്യൂദല്‍ഹി- വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കല്‍ ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ്‌സിങ് പുരി പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം വിദേശത്തുള്ള പൗരന്മാരുമായി തിരിച്ചെത്തിയ സിങ്കപ്പൂര്‍-മുംബൈ ഫ്‌ളൈറ്റില്‍ നിന്നുള്ള യാത്രികരുടെ ചിത്രങ്ങളാണ് മന്ത്രി ട്വിറ്ററിലൂടെ പങ്കുവെച്ചത്. കൊറോണ പ്രതിരോധ മാര്‍ഗങ്ങളുടെ ഭാഗമായി മാസ്‌കിന് പുറമെ മുഖം പൂര്‍ണമായും മറക്കുന്ന എന്നാല്‍ സുതാര്യമായ ഫേസ് ഷീല്‍ഡും ധരിച്ചിരിക്കുകയാണ് യാത്രികര്‍. 'ഇതൊരു സയന്‍സ് ഫിക്ഷന്‍ ബ്ലോക്ബസ്റ്ററില്‍ നിന്നുള്ള കാഴ്ചയല്ലെന്നും ഇത്  അമേരിക്കന്‍ ഫോക്‌സ് ഗായകന്‍ ബോബ് ഡിലന്റെ ഗാനത്തെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണെന്നുമാണ് ഹര്‍ദീപ് സിങ് പുരി ട്വീറ്റ് ചെയ്തത്.

'ദ ടൈംസ് ദേ ആര്‍ ചെയ്ഞ്ചിങ്' എന്ന ബോബ് ഡിലന്റെ അതിപ്രശസ്ത ഗാനത്തിന്റെ വരികളോടെയാണ് മന്ത്രി നിലവിലെ കൊറോണ പ്രതിസന്ധിയില്‍ ആളുകള്‍ മാറേണ്ടിവരുന്ന സാഹചര്യത്തെ സൂചിപ്പിച്ചത്. മന്ത്രിയുടെ ട്വീറ്റ് ജനങ്ങള്‍ നേരിടുന്ന നിലവിലെ ആശങ്കാജനകമായ സ്ഥിതിവിശേഷത്തെ കുറിച്ച് ഏവരെയും ചിന്തിപ്പിക്കുന്നു. പകര്‍ച്ചവ്യാധി കാരണം യാത്രയുടെ സ്വഭാവം തന്നെ മാറി,രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുകയും സാമൂഹിക അകലം സൂക്ഷിക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത് യാത്രികരെയും എയര്‍ലൈന്‍ ജീവനക്കാരെയും താപനില പരിശോധിക്കാന്‍  സംവിധാനം ഒരുക്കണമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ ഗ്രൂപ്പ്  യുഎസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേറ്റഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ ലൈന്‍സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് എന്നിവയുള്‍പ്പെടെ ഏറ്റവും വലിയ യുഎസ് എയര്‍ലൈന്‍സിനെ പ്രതിനിധീകരിക്കുന്ന എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക, ഈ പരിശോധനകള്‍ യാത്രക്കാര്‍ക്കും എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്കും അധിക പരിരക്ഷ നല്‍കുമെന്ന് പറഞ്ഞു.


 

Latest News