വടകര- പട്ടാപ്പകൽ തുണിക്കടയിൽ കയറി ഉടമയേയും മകനേയും കുത്തിക്കൊല്ലാൻ ശ്രമം. വടകരയിലെ തുണിക്കടയിൽ ഓടിക്കയറിയ ആളാണ് ഉടമയേയും മകനേയും കത്തി കൊണ്ട് കുത്താൻ മുതിർന്നതെന്ന് പരാതിയിൽ പറയുന്നു. വടകരയിലെ ശ്രീജ ടെക്സ്റ്റൈൽസിലാണ് സംഭവം. കടയുടമ വിജയന്റെ മകൻ നിപുൺ തുണിത്തരങ്ങൾ വാങ്ങാനെത്തിയവർക്ക് കാണിച്ചു കൊടുക്കുന്നതിനിടയിൽ റോഡിൽ നിന്നൊരാൾ ഓടിക്കയറി സഞ്ചിയിലുണ്ടായിരുന്ന കത്തിയെടുത്ത് കുത്താൻ ശ്രമിച്ചെന്നാണ് പരാതി. നിപുൺ കൈകൊണ്ട് തടഞ്ഞതോടെ കൗണ്ടറിലുണ്ടായിരുന്ന വിജയനെ ആക്രമിക്കാനൊരുങ്ങിയതായി പറയുന്നു. കടയിൽ ഉണ്ടായിരുന്നവർ ബഹളം വെച്ചതോടെ ശ്രമമുപേക്ഷിച്ച് റോഡിലിറങ്ങി ഓടിപ്പോകുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പരിശോധനയിൽ റോഡിൽ നിന്ന് അക്രമി ഉപേക്ഷിച്ചതെന്ന് കരുതുന്ന കത്തി കണ്ടെടുത്തു. ഇയാളുടെ ദൃശ്യം സി.സി.ടി.വി വഴി പരിശോധിച്ച് ആളെ തിരിച്ചറിയാനുള്ള ശ്രമം നടക്കുന്നുണ്ട്.