കൊച്ചി- എറണാകുളം ജില്ലയിൽ ഒരു കോവിഡ് പോസിറ്റീവ് കേസുകൂടി. മെയ് എട്ടിന് പോസിറ്റീവ് ആയ ചെന്നൈയിൽനിന്നും ചികിത്സക്കായി ജില്ലയിലെത്തിയ എറണാകുളം സ്വദേശിനിയുടെ അഞ്ച് വയസ്സുള്ള മകനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയും മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയാറാക്കി വരുന്നു.
ഇന്ന് 451 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 139 പേരെ ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1596 ആയി. ഇതിൽ 15 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 1581 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ 14 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
സ്വകാര്യ ആശുപത്രികൾ അടക്കം ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 26 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജ് 11, കരുവേലിപ്പടി താലൂക്ക് ആശുപത്രി 1. സ്വകാര്യ ആശുപത്രിനിൽ നിന്നും 60 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 45 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 62 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.
ജില്ലയിലെ കോവിഡ് കെയർ സെന്ററുകളായ ഗവൺമെന്റ് ആയുർവേദ കോളേജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോളേജ് ഹോസ്റ്റൽ, പാലിശ്ശേരി സി.എം.സ് ഹോസ്റ്റൽ, മുട്ടം സി.എംസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതി ഭവൻ, മൂവാറ്റുപുഴ നെസ്റ്റ്, നെല്ലിക്കുഴി മാർ ബസേലിയോസ് ഡെന്റൽ കോളേജ് എന്നിവിടങ്ങളിലായി 570 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളിൽ 25 പേരും നിരീക്ഷണത്തിലുണ്ട്.
സമുദ്രസേതു ഓപറേഷന്റെ ഭാഗമായി മാലിയിൽനിന്നും 698 യാത്രക്കാരാണ് കൊച്ചിയിൽ എത്തിയത്. 419 പേരാണ് കേരളത്തിൽ നിന്നുള്ളവർ. തമിഴ്‌നാട്ടിൽ നിന്നുള്ള 187 പേരെ തമിഴ്‌നാട്ടിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഏഴ് ബസുകളിലായി നാട്ടിലേക്ക് കൊണ്ട് പോയി. 123 യാത്രക്കാരെ ജില്ലയിലെ രണ്ട് കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലാക്കി. 60 പേരെ ചിറ്റൂർ റിട്രീറ്റ് സെന്ററിലും, 63 പേരെ കാക്കനാട് ആഷിയാന വനിതാ ഹോസ്റ്റലിലും ആണ് നിരീക്ഷണത്തിലാക്കിയത്. ശേഷിക്കുന്നവരെ അവരവരുടെ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലേക്കും, വീടുകളിലേക്കും പ്രത്യേക വാഹനങ്ങളിൽ അയച്ചു. 40 കെ.എസ്.ആർ.ടി.സി ബസുകളും, 80 ടാക്‌സികളും ഇതിനായി ഉപയോഗിച്ചു.