തിരുവനന്തപുരം- ഇതര സംസ്ഥാനങ്ങളില്‍നിന്ന് മടങ്ങിവരുന്നവര്‍ക്കുള്ള ഹോം ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. സംസ്ഥാനത്തേക്ക് വരുന്ന എല്ലാവര്‍ക്കും വൈദ്യപരിശോധന നടത്തും. പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനില്‍ അയക്കും. പിന്നീട് രോഗലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ പരിശോധന നടത്തും.
ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവര്‍ക്കും വൈദ്യ പരിശോധന നടത്തണമെന്നും രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
പരിമിത സൗകര്യങ്ങളുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തില്‍ നടത്തുന്നതാണെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്തതായി മന്ത്രി കെകെ ഷൈലജ ടീച്ചര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. .
വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ട്രെയിന്‍ സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ 15 സര്‍വീസുകളാണ് ആരംഭിക്കുന്നത്.
കര്‍ശനമായ പരിശോധന നടത്തിയ ശേഷമായിരിക്കും ട്രെയിനില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.






