ജിദ്ദ- കോവിഡ് ലോക്ഡൗൺമൂലം സൗദിയിൽ ജോലി നഷ്ടപ്പെട്ടും, ലീവിന് വന്ന് തിരിച്ച് പോകാൻ സാധിക്കാതെയും ജോലിയും ശമ്പളവുമില്ലാതെയും പ്രയാസപ്പെടുന്ന മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ പ്രവാസികൾക്ക് അവരുടെ കുടുംബത്തിന്റെ നിത്യജീവിത ചെലവുകൾ നിറവേറ്റുന്നതിനായി പലിശ രഹിത വായ്പ നൽകാൻ ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവർത്തക സമിതി തീരുമാനിച്ചു.
പ്രസിഡണ്ട് പി.എം.എ. ഗഫൂർ പട്ടിക്കാടിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫ്രൻസ് വഴിയാണ് യോഗം േചർന്നത്. ജില്ലാ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിൽ കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയ ഏറ്റവും അനുയോജ്യരായവർക്കാണ് വായ്പ അനുവദിക്കുക. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര യോഗം ഉദ്ഘാടനം ചെയ്തു.
കുടുംബത്തിന്റെ ഏക ആശ്രയമായ പ്രവാസി ലോക്ഡൗൺ കാരണം വരുമാനമില്ലാതെ പ്രവാസ ലോകത്ത് കഴിയുന്ന അവസ്ഥയിൽ നാട്ടിലെ കുടുംബത്തിന്റെ നിത്യ ചെലവിന് വിഷമിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഏറ്റവും അനുയോജ്യരായവർക്ക് 10,000 രൂപ വീതം വായ്പയായി അനുവദിക്കുന്നത്. ജില്ലാ കമ്മിറ്റിയുടെ കീഴ്ഘടകമായ മണ്ഡലം കമ്മിറ്റികളുടെ ശുപാർശക്ക് വിധേയമായിട്ടായിരിക്കും വായ്പ അനുവദിക്കുക.
കോവിഡ് പ്രതിസന്ധി ഘട്ടത്തിലും ഇക്കൊല്ലത്തെ കുടുംബ സുരക്ഷാ പദ്ധതി കാമ്പയിൻ വൻ വിജയമാക്കിയ മുഴുവൻ മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത്, ഏരിയ കമ്മിറ്റികളേയും കോർഡിനേറ്റർമാരേയും യോഗം അഭിനന്ദിച്ചു.
ജിദ്ദയിൽ ലോക് ഡൗണിൽ പ്രയാസപ്പെട്ടവർക്ക് ആവശ്യമരുന്നുകളെത്തിച്ചും ഭക്ഷണ കിറ്റുകളെത്തിച്ചും സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ നടത്തിയ സെൻട്രൽ കമ്മിറ്റിയെ യോഗം അഭിനന്ദിച്ചു, ജില്ലാ കെ.എം.സി.സി ചെയർമാൻ ബാബു നഹ്ദിയുടെ നേതൃത്വത്തിൽ മെഡിക്കൽ എയ്ഡുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പകർച്ചവ്യാധിയുള്ളപ്പോൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുന്നതിന് വിശ്വാസപരമായ ബാധ്യതയുള്ളവരാണ് നമ്മൾ എന്നതിനാൽ, നാട്ടിലേക്ക് മടങ്ങിപ്പോവുന്നതിന് പരിമിതമായ സൗകര്യങ്ങൾ ഇപ്പോൾ ലഭ്യമാണെങ്കിലും, നാട്ടിലെ അവസ്ഥ മനസ്സിലാക്കി വിസാ കാലാവധിയുള്ളവർ പ്രവാസ ലോകത്ത് തന്നെ തുടരുന്നതാണ് ഭാവി ജീവിതത്തിന് അഭികാമ്യമെന്നും യോഗം അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, വി.പി. മുസ്തഫ, സി.സി. കരീം, ഇസ്ഹാഖ് പൂണ്ടോളി, ജില്ലാ ഭാരവാഹികളായ മജീദ് അരിമ്പ്ര, സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, നാസർ കാടാമ്പുഴ, അബ്ബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫീക്കർ ഒതായി, വി.വി. അഷ്റഫ്, അബ്ദുൽ ഗഫൂർ വടക്കാങ്ങര തുടങ്ങിയവരും വിവിധ മണ്ഡലം പ്രസിഡണ്ട,് സെക്രട്ടറിമാരും ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ഓർഗ. സെക്രട്ടറി കെ.ടി. ജുനൈസ് നന്ദിയും പറഞ്ഞു. യാസിദ് തീരൂർ ഖിറാഅത്ത് നടത്തി.






