ഇന്ത്യൻ മെഡിക്കൽ സംഘത്തിന് യു.എ.ഇയിൽ ഊഷ്മള സ്വീകരണം 

ഇന്ത്യൻ മെഡിക്കൽ സംഘത്തെ ദുബായ് വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ.

ദുബായ്- കൊറോണ വൈറസ് ബാധക്കെതിരായ യു.എ.ഇയുടെ പോരാട്ടത്തിന് ശക്തിപകരാൻ 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം യു.എ.ഇയിൽ എത്തി. ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയറിന്റെ കേരളം, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നഴ്‌സുമാരാണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഫ്‌ളൈ ദുബായിയുടെ പ്രത്യേക വിമാനത്തിൽ യു.എ.ഇയിലെത്തിയത്. ദുബായ് വിമാനത്താവളത്തിൽ അധികൃതർ സംഘാംഗങ്ങളെ പനിനീർ പുഷ്പം നൽകി വരവേറ്റു.
രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞതിന് ശേഷമായിരിക്കും ഇവരെ വിവിധ സ്ഥലങ്ങളിലെ ആശുപത്രിയിലേക്ക് നിയോഗിക്കുക. ദീർഘകാലത്തെ തന്ത്രപരമായ പരസ്പര സഹകരണം വഴി ഈ ആഗോള വിപത്തിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയും യു.എ.ഇയും ലോകത്തിന് കാണിച്ചുകൊടുത്തതായി ഇന്ത്യൻ അംബാസഡർ പവൻ കപൂർ അഭിപ്രായപ്പെട്ടു. തദ്ദേശീയരും വിദേശികളും ഒരുപോലെ അഭിമുഖീകരിച്ച പ്രയാസങ്ങൾ മനസ്സിലാക്കി സഹകരിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് കോൺസൽ ജനറൽ വിപുൽ പറഞ്ഞു. 


കൊറോണക്കെതിരായ പോരാട്ടത്തിൽ സ്വന്തം രാജ്യത്തിന് പുറത്ത് ജീവനക്കാരെ എത്തിച്ച ആദ്യത്തെ സ്ഥാപനമാകാൻ സാധിച്ചതിൽ ഇന്ത്യക്കാരെന്ന നിലയിലും ആരോഗ്യ പ്രവർത്തകർ എന്ന നിലയിലും  അഭിമാനമുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ വ്യക്തമാക്കി. ഐ.സി.യു മെഡിക്കൽ ജീവനക്കാർക്ക് വല്ലാത്ത ക്ഷാമമാണ്. എങ്കിലും ഏറ്റവും വലിയ സന്ദിഗ്ധഘട്ടത്തിൽ സഹായിക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു. ഈ തുടക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിനുള്ള പ്രമാണമാണെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽഖുതാമി പറഞ്ഞു. മാനവിക സമുദായത്തിന് വേണ്ടി മുൻനിരയിൽനിന്ന് പോരാടുന്ന പ്രവർത്തകരോട് ഈ രാജ്യം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


അതേസമയം, കൊറോണ വിപത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി യു.എ.ഇയിലെത്തിയ സംഘാംഗങ്ങളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല. ആദ്യമായാണ് യു.എ.ഇയിൽ വരുന്നതെങ്കിലും ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ കടമയെന്നും ഇന്ത്യയിൽനിന്നുള്ള പ്രത്യേക സംഘത്തിൽ അംഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും റോയിൻ തോമസ് പറഞ്ഞു. നാല് വർഷമായി നഴ്‌സായി സേവനം ചെയ്തുവരികയാണ് അദ്ദേഹം. 
യു.എ.ഇയിൽനിന്ന് വ്യത്യസ്തമായ സേവനാനുഭവങ്ങൾ ലഭിക്കുന്നതിൽ അതീവ സന്തുഷ്ടയാണ് താനെന്ന് കർണാടകയിലെ ഖോലാപൂരിൽനിന്നുള്ള ദീപിക സൂരജ് ഖവാലെ വ്യക്തമാക്കി. രണ്ട് വയസ്സുകാരനായ മകനെ പിരിഞ്ഞിരിക്കുന്നതിൽ അങ്ങേയറ്റം വിഷമമുണ്ടെങ്കിലും ഓപ്പറേഷൻ തിയേറ്ററിലെ ജീവനക്കാരനായ  ഭർത്താവിന് തന്നെ മനസ്സിലാക്കാൻ സാധിക്കുമെന്ന് മൂന്ന് വർഷമായി ഐ.സി.യുവിൽ ജോലി ചെയ്യുന്ന ദീപിക പറഞ്ഞു. 


ഭർത്താവും ഭർതൃമാതാവുമാണ് കുഞ്ഞിനെ നോക്കുന്നത്. കുടുംബത്തിന്റെ മുഴുവൻ പിന്തുണയും തനിക്കുണ്ടെന്നും അവർ തന്നെ കുറിച്ച് അഭിമാനിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
2016ൽ ജോലി തേടി യു.എ.ഇയിൽ വന്ന അനുഭവമുണ്ട് മലയാളിയായ നഴ്‌സ് ശ്രീലക്ഷ്മി സത്യാനന്ദന്. യു.എ.ഇയിൽ ഒരു പ്രൊഡക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഭർത്താവ് ഇപ്പോൾ നാട്ടിൽ അവധിയിലാണ്. 
മൂന്ന് വയസ്സുള്ള മകനെയും ഭർത്താവിനെയും പിരിയേണ്ടിവന്നതിൽ വിഷമമുണ്ടെങ്കിലും ആഗോള ഭീഷണിയായി മാറിയ കൊറോണയെ തോൽപ്പിക്കാനുള്ള യുദ്ധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ശ്രീലക്ഷ്മി പറയുന്നു. ഏതാനും മാസങ്ങൾ പിന്നിട്ടാൽ ഒരുപക്ഷേ, ഭർത്താവിനും തനിക്കും ഇവിടെ ഒരുമിച്ച് കഴിയാൻ സാധിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഈ ആരോഗ്യപ്രവർത്തക.


 

Latest News