ഷാര്‍ജ അഗ്നിബാധ: 150 കെട്ടിടങ്ങളുടെ ക്ലാഡിംഗ് മാറ്റാന്‍ നിര്‍ദേശിച്ചു

ഷാര്‍ജ-  ഈ മാസം അഞ്ചിന് ഷാര്‍ജ അല്‍നഹ്ദ ഏരിയയിലെ അബ്‌കോ ടവറിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് 150 കെട്ടിടങ്ങളുടെ ക്ലാഡിംഗ് മാറ്റാന്‍ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. അഗ്നിബാധയുടെ കാരണം വിശദീകരിക്കാന്‍ ഷാര്‍ജ പോലീസ് മേധാവി മേജര്‍ ജനറല്‍ സെയ്ഫ് സീരീ അല്‍ശംസി, സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ സാമി ഖമീസ് അല്‍നഖ്ബി എന്നിവരാണ് വിര്‍ച്വല്‍ പ്രസ് മീറ്റില്‍ ഇക്കാര്യം വിശദമാക്കിയത്.
സിഗരറ്റിന്റെയോ ശീഷയുടെയോ കെടാതെ കിടന്ന ചാരത്തില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്നാണ് അനുമാനം. 49 നില കെട്ടിടത്തിലെ 333 അപ്പാര്‍ട്ട്‌മെന്റുകളില്‍ 233 ഉം ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ഉടമസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും ഇവ തുറന്നുപരിശോധിക്കുക. പരിശോധന പൂര്‍ത്തിയായ 100 അപ്പാര്‍ട്ട്‌മെന്റുകളില്‍ 26 എണ്ണം പൂര്‍ണമായും കത്തിനശിച്ചു. 34 അപ്പാര്‍ട്ട്‌മെന്റുകളില്‍ വെള്ളവും പുകയും നിറഞ്ഞു നാശമായി. 40 അപ്പാര്‍ട്ട്‌മെന്റുകളുടെ വാതിലുകള്‍ നശിച്ചിട്ടുണ്ടെന്നും ഇരുവരും അറിയിച്ചു.
തീപിടിത്തം നിമിത്തം താഴെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന 33 വാഹനങ്ങളാണ് കത്തിനശിച്ചത്. അതിവേഗം തീ പടര്‍ന്നുപിടിക്കാനിടയുള്ളതിനാല്‍ 2016ല്‍ രാജ്യത്ത് നിരോധിച്ച ക്ലാഡിംഗ് ആണ് അബ്‌കോ ടവറില്‍ ഉപയോഗിച്ചിരുന്നത്. പക്ഷേ, നിരോധനത്തിന് 10 വര്‍ഷം മുമ്പായിരുന്നു അബ്‌കോ ടവറിന്റെ നിര്‍മാണം പൂര്‍ത്തിയായത്.

 

Latest News